Monday, July 11, 2011

ഗവ:ഗേൾസ് ഹൈസ്കൂൾ ഫോർ ബോയ്സ് !

ഏഴാം ക്ലാസ്സുവരെ ഞങ്ങൾ-ആൺകുട്ടികളും പെൺകുട്ടികളും- ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഹൈസ്ക്കൂളിലെത്തിയതും ഞങ്ങൾ ‘ബോയ്സും’ ‘ഗേൾസു’മായി! ‘ഗേൾസി’ൽ എന്തൊക്കെയാവും വിശേഷങ്ങൾ എന്ന ചിന്ത സദാ പിന്തുടരുകയാൽ, ഗേൾസ് ഹൈസ്ക്കൂളിന്റെ പേർ ആൺകുട്ടികളിൽ ചിലർക്കൊക്കെ, ഗവർമ്മെന്റ് ഗേൾസ് ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നായി മാറി. രണ്ടു സ്ക്കൂളുകളിലും എട്ടാം തരത്തിൽ Q വരെ ഡിവിഷനുകൾ! അങ്ങിനെ ‘തിങ്ങിവിങ്ങി’ പത്തിലെത്തിയപ്പോഴാണ് ട്യൂട്ടോറിയൽ കോളേജിന്റെ വാതിൽ തുറന്നത്.

വീണ്ടും ആൺകുട്ടികൾ പെൺകുട്ടികളെയും പെൺകുട്ടികൾ ആൺകുട്ടികളെയും കാണുന്നു; ഒരേക്ലാസ്സിലിരിക്കുന്നു. ട്യൂട്ടോറിയൽ കോളേജിന്റെ പേര്-നളന്ദ. കെട്ടിടത്തിന്റെ പഴക്കം കൊണ്ട് അതിനെക്കാൾ നല്ല പേര് അതിനു കൊടുക്കാനില്ല! മറക്കാൻ കഴിയാത്തത്, ‘നളന്ദ’യിൽ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ശ്രീധരൻ മാഷും.....മാഷിന്റെ പഠിപ്പിക്കലിന്റെ രസതന്ത്രവും!

ആറ്റത്തിനു ചുറ്റുമുള്ള ഓർബിറ്റുകളിൽ ഏറ്റവും കൂടുതൽ ഊർജ്ജത്തോടെ ഓടിനടക്കുന്ന ഇലക്ട്രോണുകൾ ഏറ്റവും പുറത്തുള്ള ഓർബിറ്റിലേതായിരിക്കും. ഇതിന് ശ്രീധരൻ മാഷ് ഒരുദാഹരണം പറഞ്ഞു: ഒരു സ്ക്കൂളിൽ ഹെഡ്മാസ്റ്ററുടെ മുറി ഒരറ്റത്ത്. അവിടന്നങ്ങോട്ട് പലക്ലാസുകൾ. അങ്ങിനെയാണെങ്കിൽ ഏതു ക്ലാസ്സുമുറിയിലെ കുട്ടികളായിരിക്കും ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുക? ഞങ്ങളെല്ലാവരുമൊച്ചയിട്ടു: ഏറ്റവും ദൂരത്തുള്ള ക്ലാസ്സ് മുറിയിൽ!

മാഷിന്റെ ക്ലാസ്സ് സംയോജനക്ഷമത valency (രാസസംയോഗശക്തി) യെപ്പറ്റിയാണ്. മൂലകങ്ങളിലെ ഇലക്ട്രോൺ വിന്യാസത്തെ കൊയ്ത്തുകഴിഞ്ഞ വയലിൽ വെള്ളരി നടുന്നതിനോടാണ് മാഷ് ഉപമിച്ചത്. നടുവിൽ ചെറിയ ഓലപ്പുരകെട്ടി, കുണ്ടുകിണർ കുത്തി, പുരയ്ക്കുചുറ്റും വൃത്താകൃതിയിൽ പലവരികളിലായാണ് വെള്ളരി നടുക. വെള്ളരി പൂവിടുന്നു,


കായ്ക്കുന്നു, കായ് മൂക്കുന്നു..അപ്പോഴാണല്ലോ രാത്രിയിൽ വെള്ളരിക്കള്ളൻ വരിക! മാഷിന്റെ സിമ്പിൾ ചോദ്യം -കള്ളൻ ഏതുവരിയിൽ നിന്നാവും വെള്ളരി പറിക്കുക?

പിന്നീടൊരിക്കൽ സൾഫറിന്റ ഓക്സീകരണ അവസ്ഥ പഠിപ്പിച്ചപ്പോഴായിരുന്നു ക്ലാസ്സിക് ഉദാഹരണം. സൾഫർ ഡൈ ഓക്സൈഡും സൾഫർ ട്രൈ ഓക്സൈഡും ഉണ്ടല്ലോ. സൾഫറിന്റെ ഏറ്റവും പുറത്തുള്ള ഓർബിറ്റിൽ ആറ് ഇലക്റ്ട്രോണുകൾ. ഓരോ ഇലക്ട്രോണും വിട്ടുകൊടുക്കുമ്പോൾ ഓക്സീകരണ അവസ്ഥ ഓരോന്നു കൂടുന്നു. സൾഫർ ഡൈ ഓക്സൈഡിൽ നാലും സൾഫർ ട്രൈ ഓക്സൈഡിൽ ആറുമാണ് സൾഫറിന്റെ ഓക്സീകരണ അവസ്ഥകൾ. ഒക്സീകരണ അവസ്ഥയിൽ സൾഫറിന് മേലേക്ക് പോവാം, ട്രൈ ഓക്സൈഡിലെ സൾഫറിന് താഴേക്കു വരാം, ഡൈ ഓക്സിഡിലേതിനു താഴേക്കു വരികയോ മേലേക്കു പോവുകയോ ചെയ്യാം.

ക്ലാസ്സ് മുറി പെട്ടെന്ന് സെവൻസ് ഗ്രൌണ്ടിലെത്തി (ബോയ്സ് ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ ഏ.കെ.ജി. സ്മാരക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന കാലമായിരുന്നു). ടിക്കറ്റെടുത്ത് കളികാണാൻ പറ്റാത്ത കണാരനും ആണ്ടിയും ചെക്കോട്ടിയും കളികാണാൻ ഒരു തെങ്ങിൽ പറ്റിപ്പിടിച്ചു കയറുന്നു. കണാരൻ കയറാൻ തുടങ്ങിയിട്ടില്ല, ആണ്ടി പകുതി എത്തിയിട്ടുണ്ട്, ചെക്കോട്ടി തെങ്ങിന്റെ മണ്ടയിലാണ്.. മേലോട്ടുമാത്രം പോവാൻ കഴിയുന്ന കണാരൻ സൾഫർ ആകുന്നു. നടുക്കെത്തിയ-കയറാനും ഇറങ്ങാനും പറ്റുന്ന-ആണ്ടി ഡൈ ഓക്സൈഡും, ഇറങ്ങിവരാൻ മാത്രം പറ്റുന്ന ചെക്കോട്ടി ട്രൈ ഓക്സൈഡുമാണ്.

അതിനുശേഷം സ്ക്കൂൾ വിടുമ്പോൾ ഓടിപ്പോവുന്ന കുട്ടികളെ കാണുമ്പോൾ ഇലക്ട്രോണുകളും, കെമിക്കൽ റിയാക്ഷൻ പഠിക്കുമ്പോഴൊക്കെ വെള്ളരിക്കാള്ളന്മാരുംഎന്റെ മനസ്സിലെത്തി. ഇപ്പോഴും സൾഫർ ട്രൈ ഓക്സൈഡ് എന്ന് കേൾക്കുമ്പോൾ തെങ്ങിന്റെ കുരലിൽ ഇരുന്നു സെവൻസ് ഫുട്ബോൾ കാണുന്ന ചെക്കോട്ടിയെ ഞാൻ കാണുന്നു.


ശ്രീധരൻ മാഷ് സ്ക്കൂളിലൊന്നും ജോലിയിൽ കയറിയില്ല. പാർട് ടൈം റേഡിയോ റിപ്പയറിങ് ആയിരുന്നു മാഷ്ടെ പരിപാടി(അതോ പാർട് ടൈം പഠിപ്പിക്കലോ?) അദ്ദേഹത്തിന്റെ വീട്ടിലെ കോലായിലെ ഒരു ഭാഗമായിരുന്നു ഷോപ്പ്. ഞങ്ങളുടെ വീട്ടിലെ ഫിലിപ്സ് റേഡിയോ എത്രയോ തവണ, മീറ്റർ റീഡറിനോടൊപ്പമോടുന്ന കൂറയോടൊപ്പം, മാഷിന്റെ വീട്ടിന്റെ ചായ്പ്പിലെ ICU വിൽ കിടന്നിട്ടുണ്ട്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെയടുത്ത്, ട്രാക്കരികിലെ കൈതക്കാടുകൾക്കിടയിലൂടെ നോക്കിയാൽ കാണുന്ന വീട്ടിൽ മാഷുണ്ട്, എന്തെങ്കിലും റിപ്പയർ ചെയ്യുകയായിരിക്കുമോ?

3 comments:

  1. മാഷായാൽ ഇതുപോലാവണം, ഇതുപോലുള്ള കുട്ടികളെ പഠിപ്പിക്കയും വേണം.

    ReplyDelete
  2. WELL DONE!!
    I REALLY ENJOYED IT,LIKE A PERFECT COMEDY FILM. GONE THROUGH THE LINES, VISUALIZING EACH SCENE............. ....................................
    AT LAST WIPED MY TEARS ON THE MEMORY OF THE OLD MASH..CONGRATS..

    ReplyDelete
  3. :)
    ഹൃദ്യം
    ലളിതം
    വൈകാരികം

    അഭിനന്ദനങ്ങള്‍..

    ReplyDelete