Thursday, July 21, 2011

അകലങ്ങളിൽ അഭയം

പറഞ്ഞിട്ടു കാര്യമില്ല,

നാട്ടിലേക്കുള്ള ബസ്സിൽക്കേറി

ലഗ്ഗേജ് മേലെവെച്ച്

വിൻഡോ സീറ്റിലിരുന്നതിനു ശേഷമേ

നീയെന്നെ ഓർക്കുന്നുള്ളു,

ഞാൻ നിനക്കെന്താണ്

പൈപ്പിനുമുന്നിൽ നിൽക്കുന്ന ക്യൂ?

തലനാരിഴയ്ക്കു ബസ്സിന്റെ ടയറിൽനിന്നും

രക്ഷപ്പെട്ട നായ?

പെട്ടെന്ന് തുറക്കുന്ന ഒരു കുട?

കരിവെള്ളമൊഴുകുന്ന അഴുക്കുചാലിലെ

ഫിൽറ്റെർതുണ്ടുള്ള സിഗറെറ്റ്?

നളെ നാളെ യെന്ന് കാറ്റിലിളകുന്ന

ലോട്ടറി ടിക്കറ്റ്?

ഏതു ഗോൾഗുമ്പസ്സിലൊളിച്ചലും ചന്ദ്രികേ

പാഞ്ഞുപോവുന്ന നിന്നിലേയ്ക്കാണ്

ഞാൻ പാഞ്ഞുവരുന്നത്

ഞാൻ പോലുമറിയാതെ

Wednesday, July 20, 2011

മുസിരിസ്

ചരിത്ര ഗവേഷകരേ..

മണ്ണടരുകൾമാന്തിയെടുക്കുമ്പോൾ കാണപ്പെട്ട

ഉടഞ്ഞുനുറുങ്ങിയ മൺപാത്രങ്ങൾ,

ചെരിഞ്ഞുകിടന്ന വിദേശനിർമ്മിത മധുചഷകം

എന്താണ് അനുമാനം?

അന്നുമുണ്ടായിരുന്നോ

കലമുടച്ച് ശൌര്യം തീർത്തവർ!

കുഴിച്ച്കുഴിച്ചുചെല്ലുമ്പോൾ മുസിരിസിൽ

ഒരു കിണർ പൊന്തിവരുന്നു

പെട്ടെന്നൊരുനാൾ മുതൽ

ആ കിണറിന്റെ കപ്പി

ക്രി.പി. എന്നാവുമോ കരഞ്ഞത്?

നോക്കൂ, ദ്രവിച്ചുപോവാത്ത ആ മരക്കുറ്റി

കമഴ്ന്നുകിടക്കുന്ന ആ മരത്തോണി

കാലത്തിന്റെ തോണി ഒന്ന് മറിച്ചിടുമോ?

അതിനുള്ളിൽ കാണുമോ

കെട്ടിപ്പിടിച്ചുകിടക്കുന്ന

രണ്ടെല്ലിൻ കൂടുകൾ?

ഏതായാലും ഒന്ന് ശ്രദ്ധിക്കുക..

കിട്ടാതിരിക്കില്ല ചില ഫോസിലുകൾ

പൊട്ടിയ ചിലമ്പ്

മണികെട്ടിയവാൾ

തലയറ്റകോഴി

ഏതെങ്കിലുമൊന്ന്

മണ്ണ് പൊള്ളയായ ഭാഗങ്ങൾ

മൂടാതെ വെക്കുക,

നാവിലൂടെപുറത്തെടുക്കാനായ്

തെറിച്ചു കിടക്കുന്ന പാട്ടുകളാവാം.!

Tuesday, July 19, 2011

വെള്ളിയാഴ്ച

പനഞ്ചോട്ടിൽ

പുതുകവിതയുടെ ബാക്കിപത്രം...

ഇരുപതുനഖങ്ങളിൽ കവിയില്ല

സെറ്റുപല്ലും

ഗൾഫ്ഗെയ്റ്റും...

Sunday, July 17, 2011

കടന്നൽ കുത്തുമ്പോൾ


ആദ്യരാത്രി

കിടപ്പുമുറിയുടെ വാതിൽ‌പ്പിടിയിൽ

ഒരു പെൺ വിരലിൽ കടന്നൽ കുത്തുമ്പോൾ

കതകു തുറക്കുന്നത്

വേദനയിലേക്കും നിലവിളിയിലേക്കും മാത്രമോ?

മുക്കുറ്റിയുണ്ടോ?

കൂവളത്തിലയുണ്ടോ?

തേനുണ്ടോ?

മഞ്ഞളുണ്ടോ?

തുളസിക്കതിരുണ്ടോ?

എവിടെപ്പോയ്-

കാറ്റ് വർത്തമാനം പറഞ്ഞിരുന്ന

മുക്കുറ്റി,

പ്രാർത്ഥിക്കുമ്പോൾ ചുണ്ടിൽ വീണ

കൂവളം,

വടക്കൻപാട്ടരിഞ്ഞിട്ട

ദേഹകാന്തി,

മുടിയേറിപടിയിറങ്ങാറുള്ള

വിശുദ്ധി?

ടോർച്ച് വെട്ടത്തിന്റെ ചിരട്ടകൊണ്ട്

ഈ ഇരുട്ടു മുഴുവൻ വറ്റുമോ?

അർദ്ധരാത്രി

അടയ്ക്കാൻ തുടങ്ങും മുറുക്കാൻ കടയിൽ

അഴിഞ്ഞുലഞ്ഞമുടിയുമായൊരുവൾ

“ചുണ്ണാമ്പുണ്ടോ”

എന്ന് ചോദിക്കുമ്പോൾ,

പറ്റുപുസ്തകം

ഐതിഹ്യമാലയാകുമ്പോൾ

മലയാളത്തിൽമരിച്ചുപോയവാക്കുകളും

മണ്ണടിഞ്ഞ ഐതിഹ്യങ്ങളും

പുനർജ്ജനിക്കുമ്പോൾ..

അതിന്നായ്

കടന്നൽ ചാവേറാവുമ്പോൾ..

Saturday, July 16, 2011

ഉറുമി

ആ‍ദ്യത്തെ ബെൽറ്റ്ബോംബ്

പൊട്ടിത്തെറിച്ചത് നാവുകൊണ്ടായിരുന്നു..

അന്ന് അല്ലിമലർക്കാവിൽ പൂരമായിരുന്നു...

Tuesday, July 12, 2011

തുറക്കാത്ത വാക്ക്

ആത്മഹത്യചെയ്യാൻ വേണ്ടിമാത്രം

ഒരുവാക്കു ജനിക്കുമോ?

നഗരത്തിൽ,

പേരുപറയാത്ത ലോഡ്ജിൽ,

നമ്പറിടാത്ത മുറിയിൽ,

അഴിച്ചപൊതിച്ചോറുപോലുലഞ്ഞു കിടക്കുന്നു

മുട്ടി മുട്ടി വിളിച്ചാലും തുറക്കാതെ

ഒരു വാക്ക്

വെന്റിലേറ്ററിലൂടെനോക്കുന്ന

റൂംബോയിയുടെ കണ്ണിൽകൊത്താൻ

വിഷവുമായ് പതിയിരിക്കുന്നോ

ഇരുട്ടിൽ ഇഴഞ്ഞ് ആ വാക്ക്!

Monday, July 11, 2011

ഗവ:ഗേൾസ് ഹൈസ്കൂൾ ഫോർ ബോയ്സ് !

ഏഴാം ക്ലാസ്സുവരെ ഞങ്ങൾ-ആൺകുട്ടികളും പെൺകുട്ടികളും- ഒരുമിച്ചാണ് പഠിച്ചിരുന്നത്. ഹൈസ്ക്കൂളിലെത്തിയതും ഞങ്ങൾ ‘ബോയ്സും’ ‘ഗേൾസു’മായി! ‘ഗേൾസി’ൽ എന്തൊക്കെയാവും വിശേഷങ്ങൾ എന്ന ചിന്ത സദാ പിന്തുടരുകയാൽ, ഗേൾസ് ഹൈസ്ക്കൂളിന്റെ പേർ ആൺകുട്ടികളിൽ ചിലർക്കൊക്കെ, ഗവർമ്മെന്റ് ഗേൾസ് ഹൈസ്ക്കൂൾ ഫോർ ബോയ്സ് എന്നായി മാറി. രണ്ടു സ്ക്കൂളുകളിലും എട്ടാം തരത്തിൽ Q വരെ ഡിവിഷനുകൾ! അങ്ങിനെ ‘തിങ്ങിവിങ്ങി’ പത്തിലെത്തിയപ്പോഴാണ് ട്യൂട്ടോറിയൽ കോളേജിന്റെ വാതിൽ തുറന്നത്.

വീണ്ടും ആൺകുട്ടികൾ പെൺകുട്ടികളെയും പെൺകുട്ടികൾ ആൺകുട്ടികളെയും കാണുന്നു; ഒരേക്ലാസ്സിലിരിക്കുന്നു. ട്യൂട്ടോറിയൽ കോളേജിന്റെ പേര്-നളന്ദ. കെട്ടിടത്തിന്റെ പഴക്കം കൊണ്ട് അതിനെക്കാൾ നല്ല പേര് അതിനു കൊടുക്കാനില്ല! മറക്കാൻ കഴിയാത്തത്, ‘നളന്ദ’യിൽ കെമിസ്ട്രി പഠിപ്പിച്ചിരുന്ന ശ്രീധരൻ മാഷും.....മാഷിന്റെ പഠിപ്പിക്കലിന്റെ രസതന്ത്രവും!

ആറ്റത്തിനു ചുറ്റുമുള്ള ഓർബിറ്റുകളിൽ ഏറ്റവും കൂടുതൽ ഊർജ്ജത്തോടെ ഓടിനടക്കുന്ന ഇലക്ട്രോണുകൾ ഏറ്റവും പുറത്തുള്ള ഓർബിറ്റിലേതായിരിക്കും. ഇതിന് ശ്രീധരൻ മാഷ് ഒരുദാഹരണം പറഞ്ഞു: ഒരു സ്ക്കൂളിൽ ഹെഡ്മാസ്റ്ററുടെ മുറി ഒരറ്റത്ത്. അവിടന്നങ്ങോട്ട് പലക്ലാസുകൾ. അങ്ങിനെയാണെങ്കിൽ ഏതു ക്ലാസ്സുമുറിയിലെ കുട്ടികളായിരിക്കും ഏറ്റവും കൂടുതൽ ഒച്ചയുണ്ടാക്കുക? ഞങ്ങളെല്ലാവരുമൊച്ചയിട്ടു: ഏറ്റവും ദൂരത്തുള്ള ക്ലാസ്സ് മുറിയിൽ!

മാഷിന്റെ ക്ലാസ്സ് സംയോജനക്ഷമത valency (രാസസംയോഗശക്തി) യെപ്പറ്റിയാണ്. മൂലകങ്ങളിലെ ഇലക്ട്രോൺ വിന്യാസത്തെ കൊയ്ത്തുകഴിഞ്ഞ വയലിൽ വെള്ളരി നടുന്നതിനോടാണ് മാഷ് ഉപമിച്ചത്. നടുവിൽ ചെറിയ ഓലപ്പുരകെട്ടി, കുണ്ടുകിണർ കുത്തി, പുരയ്ക്കുചുറ്റും വൃത്താകൃതിയിൽ പലവരികളിലായാണ് വെള്ളരി നടുക. വെള്ളരി പൂവിടുന്നു,


കായ്ക്കുന്നു, കായ് മൂക്കുന്നു..അപ്പോഴാണല്ലോ രാത്രിയിൽ വെള്ളരിക്കള്ളൻ വരിക! മാഷിന്റെ സിമ്പിൾ ചോദ്യം -കള്ളൻ ഏതുവരിയിൽ നിന്നാവും വെള്ളരി പറിക്കുക?

പിന്നീടൊരിക്കൽ സൾഫറിന്റ ഓക്സീകരണ അവസ്ഥ പഠിപ്പിച്ചപ്പോഴായിരുന്നു ക്ലാസ്സിക് ഉദാഹരണം. സൾഫർ ഡൈ ഓക്സൈഡും സൾഫർ ട്രൈ ഓക്സൈഡും ഉണ്ടല്ലോ. സൾഫറിന്റെ ഏറ്റവും പുറത്തുള്ള ഓർബിറ്റിൽ ആറ് ഇലക്റ്ട്രോണുകൾ. ഓരോ ഇലക്ട്രോണും വിട്ടുകൊടുക്കുമ്പോൾ ഓക്സീകരണ അവസ്ഥ ഓരോന്നു കൂടുന്നു. സൾഫർ ഡൈ ഓക്സൈഡിൽ നാലും സൾഫർ ട്രൈ ഓക്സൈഡിൽ ആറുമാണ് സൾഫറിന്റെ ഓക്സീകരണ അവസ്ഥകൾ. ഒക്സീകരണ അവസ്ഥയിൽ സൾഫറിന് മേലേക്ക് പോവാം, ട്രൈ ഓക്സൈഡിലെ സൾഫറിന് താഴേക്കു വരാം, ഡൈ ഓക്സിഡിലേതിനു താഴേക്കു വരികയോ മേലേക്കു പോവുകയോ ചെയ്യാം.

ക്ലാസ്സ് മുറി പെട്ടെന്ന് സെവൻസ് ഗ്രൌണ്ടിലെത്തി (ബോയ്സ് ഹൈസ്ക്കൂൾ ഗ്രൌണ്ടിൽ ഏ.കെ.ജി. സ്മാരക് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടക്കുന്ന കാലമായിരുന്നു). ടിക്കറ്റെടുത്ത് കളികാണാൻ പറ്റാത്ത കണാരനും ആണ്ടിയും ചെക്കോട്ടിയും കളികാണാൻ ഒരു തെങ്ങിൽ പറ്റിപ്പിടിച്ചു കയറുന്നു. കണാരൻ കയറാൻ തുടങ്ങിയിട്ടില്ല, ആണ്ടി പകുതി എത്തിയിട്ടുണ്ട്, ചെക്കോട്ടി തെങ്ങിന്റെ മണ്ടയിലാണ്.. മേലോട്ടുമാത്രം പോവാൻ കഴിയുന്ന കണാരൻ സൾഫർ ആകുന്നു. നടുക്കെത്തിയ-കയറാനും ഇറങ്ങാനും പറ്റുന്ന-ആണ്ടി ഡൈ ഓക്സൈഡും, ഇറങ്ങിവരാൻ മാത്രം പറ്റുന്ന ചെക്കോട്ടി ട്രൈ ഓക്സൈഡുമാണ്.

അതിനുശേഷം സ്ക്കൂൾ വിടുമ്പോൾ ഓടിപ്പോവുന്ന കുട്ടികളെ കാണുമ്പോൾ ഇലക്ട്രോണുകളും, കെമിക്കൽ റിയാക്ഷൻ പഠിക്കുമ്പോഴൊക്കെ വെള്ളരിക്കാള്ളന്മാരുംഎന്റെ മനസ്സിലെത്തി. ഇപ്പോഴും സൾഫർ ട്രൈ ഓക്സൈഡ് എന്ന് കേൾക്കുമ്പോൾ തെങ്ങിന്റെ കുരലിൽ ഇരുന്നു സെവൻസ് ഫുട്ബോൾ കാണുന്ന ചെക്കോട്ടിയെ ഞാൻ കാണുന്നു.


ശ്രീധരൻ മാഷ് സ്ക്കൂളിലൊന്നും ജോലിയിൽ കയറിയില്ല. പാർട് ടൈം റേഡിയോ റിപ്പയറിങ് ആയിരുന്നു മാഷ്ടെ പരിപാടി(അതോ പാർട് ടൈം പഠിപ്പിക്കലോ?) അദ്ദേഹത്തിന്റെ വീട്ടിലെ കോലായിലെ ഒരു ഭാഗമായിരുന്നു ഷോപ്പ്. ഞങ്ങളുടെ വീട്ടിലെ ഫിലിപ്സ് റേഡിയോ എത്രയോ തവണ, മീറ്റർ റീഡറിനോടൊപ്പമോടുന്ന കൂറയോടൊപ്പം, മാഷിന്റെ വീട്ടിന്റെ ചായ്പ്പിലെ ICU വിൽ കിടന്നിട്ടുണ്ട്.

കൊയിലാണ്ടി റെയിൽവേ സ്റ്റേഷന്റെയടുത്ത്, ട്രാക്കരികിലെ കൈതക്കാടുകൾക്കിടയിലൂടെ നോക്കിയാൽ കാണുന്ന വീട്ടിൽ മാഷുണ്ട്, എന്തെങ്കിലും റിപ്പയർ ചെയ്യുകയായിരിക്കുമോ?

Tuesday, July 5, 2011

വിത്ത്

നിന്റെ വരികളുടെ ഉഴവുചാലിൽ
ഞാനെന്റെ കണ്ണുനട്ടു,
മയങ്ങിപ്പോയപ്പോൾ
സ്വപ്നം കതിരിട്ടു.
.

Monday, July 4, 2011

വീഡിയോ ഫാസ്റ്റ് റീവൈൻഡ്

കതിർമണ്ഡപത്തിനുചുറ്റും

കൈകോർത്തുരണ്ടുപേർ

പിന്നോട്ട് നടക്കുന്നു

അരിയും പൂവും തലയിൽ നിന്നും

പൂക്കുറ്റിപോലെ തെറിക്കുന്നു

മിന്നുന്നചോദ്യചിഹ്നമഴിക്കുന്നു

മാലയെടുക്കുന്നു

മോതിരമൂരുന്നു

നിരനിരയായ് വിഭവസ മൃദ്ധമാം

നാക്കിലനീളെ കിടക്കുന്നു

അവിയലോലൻശർക്കര ഉപ്പേരിപോയ്

ഇലയത് ശൂന്യമായ് തീരുന്നകാഴ്ചയിൽ

നാക്കിലയോരത്ത് കയ്പ്പുള്ളവാക്കുപോൽ

ഉപ്പുമാത്രംചിരിക്കുന്നമാത്രയിൽ

ഉപ്പുതിന്നുന്നവർക്ക്കുടിക്കുവാൻ

ചുക്കുവെള്ളം നിറച്ചഗ്ലാസ്സെത്തുമ്പോൾ

വീഡിയോoops!

Saturday, July 2, 2011

രണ്ടുപേർ

ഒരാൾ
വാക്കുകളുടെ പച്ചിലയിളകുന്ന മരം
മറ്റൊരാൾ
അതിൽ ഞാഴ്ത്തിയിട്ട നിഴൽക്കൂട്