Tuesday, January 25, 2011

ജുബ്ബ ഒരു തരം കുപ്പായം


വേദിയിലേക്ക് മഹാകവി കുഞ്ഞിരാമൻ നായർ

മാമ്പൂത്തിരി കത്തിച്ച് വരുന്നു

മലയാളത്തിന്റെ തനതെന്നു പറഞ്ഞ്

മെമെന്റോ ആയി അത് കൊടുക്കുന്നു

(“ചൊടിച്ചോ ചീഫ് ഗെസ്റ്റപ്പോൾ

തുടച്ചോചുനക്കറ..”)

കുഞ്ഞിരാമൻ നായർ

ഫുട്ബോൾ കളിക്കുന്നു

ഗോൾവലയം കാക്കുന്നു

സന്ധ്യയ്ക്കു തന്നെ നക്ഷത്രമെണ്ണുന്നു

ഷൊർണ്ണൂർ സ്റ്റേഷനിൽ

ചായ,കാപ്പി,പെണ്ണുങ്ങൾ എന്നൊക്കെ കേൾക്കുന്നു

പി ക്കുമുന്നിൽ ക്യ്യൂ നിൽക്കുന്ന

നിലാവും നീലത്താമരയും കാണാതെ

പുഴക്കടവിലെത്തി

നീർച്ചാലായ് ഒഴുകുന്ന പുഴ

ഏതു പെണ്ണിന്റെ പുടവ എന്നോലോചിച്ച്

പിടി കിട്ടാതെ നിൽക്കുന്നു

മാമ്പൂവിൽ വിരിയാതെ പോയ ഉണ്ണികളെ

ഞാനിപ്പോൾ

ഉപ്പിലിട്ടെടുക്കുന്നു

(പുടവ ഏ.സി.ശ്രീഹരിയുടെ ഫോട്ടോഷോപ്പ് എന്ന കവിതയിലെ മെനുവിൽനിന്ന്)

Friday, January 21, 2011

വിനോദ യാത്ര


സ്റ്റേറ്റ്കാരി ടീച്ചർ

ബാക്ക് ഓപ്പൺ ബ്ലൌസ്

വിനോദയാത്ര

പാലത്തിന്മേലെത്തി

താഴേയ്ക്കു നോക്കി

ഉരുണ്ടുരുണ്ട കല്ലുകൾ

“പുഴയാണേ കൊച്ചുങ്ങളേ

ഒഴുകുവേ.“

Thursday, January 20, 2011

പയ്യോളിക്കൊരു ടിക്കറ്റ്


സ്കൂൾ ഗ്രൌണ്ടിലോടിയപ്പോൾ

തൃക്കോട്ടൂരുകാർ ചോദിച്ചു

“ഓളേതാ ഓളി”

ഹൈസ്കൂൾഗ്രൌണ്ടിലോടിയപ്പോൾ

കൊയിലാണ്ടിക്കാർ അഭിനന്ദിച്ചു

“ഇജ്ജാണ് മോളെ ആങ്കുട്ടി”

അത്തരം മേത്തരം ഒരുഷസ്സന്ധ്യ

പെൺകുട്ടി കടപ്പുറത്തോടുന്നു

കോച്ച് തെങ്ങുചാരിയിരിക്കുന്നു

ഓടുമ്പോൾ പെൺകുട്ടി ചാടുന്നു

കോച്ച് തെങ്ങുചാരിനിൽക്കുന്നു

സ്ഥലപരിശോധനയിൽ

തടസ്സങ്ങൾ മണത്തു

ഒരു തേങ്ങവീണു

നമ്പിയാരതു ചൊല്ലി

“ഹർഡിൽസ്!”

യു.ഏ.ഖാദർ എഴുതാത്ത

തൃക്കോട്ടൂർ പെരുമ

തട്ടാൻ ഇട്ട്യേമ്പി കാണാത്ത

സ്വർണ്ണക്കാലുകൾ

സെക്കന്റിന്റെ നൂറിലൊരംശം മതിയായിരുന്നു

നൂറുകോടി കണ്ണുകൾ നനയ്ക്കാൻ

കണ്ണൂർ വിട്ട പാസഞ്ചറിൽ

പയ്യോളി എക്സ്പ്രസ് ഇരിക്കുന്നു

മുക്കാളി സ്റ്റേഷനിലൊരാൾ ചോദിക്കുന്നു

“ഇവിടെയാരും ഇല്ല്യോളി !

പയ്യോളിക്കൊരു ടിക്കറ്റ് തരുവോളി!”

Thursday, January 13, 2011

ശുക്ലപക്ഷം

കറുത്തവാവിൻ ചിറകുതട്ടി

മറിഞ്ഞുവീഴുന്നു നിലാവിൻ മുരുട

പൊഴിഞ്ഞുവീഴുന്നു താരബീജങ്ങൾ

പതഞ്ഞൊഴുകുന്നു ശുക്ലപക്ഷം

കുതിച്ചുപായുവാനൊരുങ്ങിനിൽക്കുന്നു

പുതപ്പിനുള്ളിലെ കറുത്തവാവതിൽ

നനുത്തവാലാട്ടി ചെറിയ മീനുകൾ

കറുത്തമുയലുണ്ട് കടിച്ചുതുപ്പുന്നു

കുരുത്തിടും പച്ചത്തഴപ്പുകളെല്ലാം

Monday, January 10, 2011

ബ്ലൂ പ്രിന്റ്

എടവപ്പാതിത്തലേന്ന് സന്ധ്യയ്ക്ക്

നീലമേഘത്തെ ചുരുട്ടിയ കുഴലുമായ്

മരപ്പാലത്തിലൂടെ പുഴ കടക്കുന്നു

തണുത്തകാറ്റുവന്നൂതുമ്പോൾ

ചുരുളഴിയുന്നു കുഴൽ

കൈവിരിച്ച് നിവരുന്നു

തപസ്സിനായെത്തുന്നവന്റെ ചിത്രം

എത്താനുണ്ട്

അലമുറയിട്ട് കരയുന്ന വാഴകൾ

കുഞ്ചന്റെ കൊട്ടത്തേങ്ങകൾ

കദളിപ്പഴങ്ങൾ

മുങ്ങിപ്പോവാനുണ്ട്

പുസ്തകക്കെട്ടിനുമേലേതിരനോക്കി

അക്കരപ്പച്ചയിലടുപ്പിച്ചപ്രേമം,

ഒരക്കോലേന്തിയ കടവുകാർവർണ്ണന്റെ

ഇപ്പോൾ കിട്ടിയ വാർത്തകൾ

കുടുങ്ങാനുണ്ട്

അഴിമുഖത്തിന്റെ കടിവായിലേയ്ക്ക് പുളയുന്ന

ഒരു തടിയൻ മലമ്പാമ്പ്

വേനലിന്റെ യാത്രകൾ പാടുന്ന പുല്ലുകൾ

മീനുകളാവാൻ വാലാട്ടി നിൽക്കുന്നു

കരാറുകാരൻ

ആണികളോരോന്നായ് പിഴുതെടുക്കുന്നു

കാലുകൾക്ക് പിന്നിൽ

“കറ” “കറ” കരയുന്ന

പാലമിപ്പോൾ

കാൽ പദങ്ങളൂന്നുന്ന

പഴയ ഹാർമോണിയം

Sunday, January 9, 2011

ഇടം

അവർ ഒരുമിച്ചുനടക്കുന്നു
എപ്പോഴും

മണ്ണിനെ
വെള്ളത്തെ
സൂര്യനെ ഓർക്കുന്നില്ല
നീ നട്ടതുകൊണ്ട് മുളച്ചു എന്ന്,
നമ്മുടെ സ്നേഹം കൊണ്ട് വളർന്നു എന്ന്

അവരങ്ങനെ ഒരുമിച്ചുനടക്കുന്നു
എപ്പോഴും
മനസ്സിലാകുന്നില്ല
അറിയുന്നവർക്ക് മത്രം
മനസ്സിലാവുന്ന ആ മരുന്നു കുറിപ്പ്

സ്പേസ് ബാറിൽ തൊടാതെ എഴുതിയ
ആ വാക്യം

Thursday, January 6, 2011

മാറ്റം

ഒരു രാത്രി
ഓരിയിടൽ ഉദിച്ചുപൊങ്ങും
അന്നുമുതൽ
നീലക്കുറുക്കന്റെ കഥ
കവിതയായ്മാറും