Tuesday, November 22, 2011

ഓർമ്മയുണ്ടോ ഈ മുഖം?



ട്രെയിനിലാണ്

ഇരുമ്പിന്റെ, മധുരനാരങ്ങയുടെ

മണം ചൂളം വിളിക്കുന്നു.

എന്നെ ഓർമ്മയില്ലെ?

അയാൾ അടുത്തുവന്നു ചോദിച്ചു

ഉത്തരംകിട്ടാഞ്ഞപ്പോൾ ഒരു ക്ലു ഇട്ടു..

സാറിന് ഓഫിസിലെ ചാവി കളഞ്ഞുപോയ അന്നത്തെ അതേ മുഖം

എന്നിട്ടും ഓർക്കുന്നില്ലേ?

ഞാനല്ലെ അന്ന് വന്ന് തുറന്നത്?

ഓ..ശരിയാ

ആ നിമിഷത്തിൽ

ഓർമ്മ, കിലുക്കത്തോടെ

വിജാഗിരിഞരക്കത്തോടെ

മലർക്കെത്തുറന്നു

ഓർമ്മ വലിയ ഇരുമ്പുഷെൽഫ് തന്നെ

മറവിയുടെ പ്രാവുകൾ കുറുകുന്ന ശബ്ദംകേൾക്കാൻ

കുറെ തുളകൾ ഇട്ടുവെച്ചത്

അതോ അത് ഭൂൽഭുലയ്യയിൽ അലയുന്ന

ഏകാന്ത സന്ദർശകനോ?

തലയുടെ പഴകിയ റൊട്ടിയിലകപ്പെട്ട ഉറുമ്പോ?

ട്രെയിൻ പായുകയാണ്

മനുഷ്യരെ അടുക്കിവെച്ച ഇരുമ്പുഷെൽഫ് ഇരമ്പുകയാണ്

ഇപ്പോൾ ഞാൻ വെറുതെ തലമുടിയിൽ പിടിച്ചുവലിക്കുന്നു

എന്തിന്?

Monday, November 21, 2011

സംശയം


ഒരുസിനിമാ പാട്ട്-

ആർ പാടി,

ആരെഴുതി,

ആർ സവിധാനം ചെയ്തു,

ഏത് പടത്തിൽ

എന്നിങ്ങനെയൊക്കെ ചോദിക്കാമെങ്കിലും

ഏത് പടത്തെ കൊഴിച്ചിട്ടാൽ തന്നെ

ഒരു പാട്ടിന്

ചുരുങ്ങിയത് മൂന്ന് സംശയങ്ങൾ സഹജം

ഇനി മലയാളത്തിന് പുറമെ

തമിഴ്, ഹിന്ദി എന്നിവകൂടി വരുമ്പോൾ

സംഗതി മാറുന്നു-

മുപ്പത്തി മുക്കോടി സംശയങ്ങളാവുന്നു

മാത്രവുമല്ല

ഏത് നേരത്തും ഇതിന് കേറി വരികയും ചെയ്യാം-

അതാണ് പ്രശ്നം

കര്യം, സംഗതി മനസ്സിലാണല്ലോ, ഏത്?

പാതിരായ്ക്ക്

നിലം തൊടാത്ത സാരിപോലെ ഒരു വരവുണ്ട്

അന്നേരം

സംശയങ്ങൾ പുംബീജങ്ങളെപ്പോലെ

വാലിളക്കിപ്പായും

അണ്ഡമാണെങ്കിൽ എപ്പോഴത്തെയും പോലെ

കണ്ടഭാവമില്ല

ഒരുസംശയം മറ്റൊരു സംശയത്തോട്

സംസാരിക്കുമ്പോൾ

മറ്റുരണ്ടുസംശയങ്ങൾ

സംസാരിക്കുന്നേയില്ല

തലപൊക്കാതെ കിടക്കുകയാണ്

ഉറക്കം നടിക്കുമ്പോൾ

കാതാണല്ലോ കണ്ണ്

ഇതൊരു രോഗമാണോ ഡോക്റ്റർ?