Tuesday, December 21, 2010

വിവർത്തനം


കല്ല്യാണരാത്രിമുതൽ

അവളയാളെ

വിവർത്തനം ചെയ്തു തുടങ്ങി

അല്ലറച്ചില്ലറ ബിംബമോഷണങ്ങൾ

കണ്ടുപിടിക്കപ്പെട്ടു

വഴക്കൊന്നെങ്കിലും വേണം

മാറാതോരോ ദിനത്തിലും

എന്ന വൃത്തലക്ഷണം

ദാമ്പത്യ കാവ്യശാസ്ത്രത്തിങ്കൽ

മുതൽകൂട്ടി

വിവർത്തനം ചെയ്യുമ്പോൾ

നഷ്ടപ്പെടുന്നത് കവിത എന്ന്

ഒരു ഗാലറി ക്ലാസ്പറഞ്ഞതോർത്ത്

കുതിര എന്നയാളെഴുതുമ്പോൾ

കഴുതയെ ധ്വന്യാത്മകമായി കണ്ടു

പിന്നെപ്പിന്നെ

ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന

ഒരു കവിതയായ് മാറി

Sunday, December 19, 2010

ഹരിതകം


ചെണ്ടക്കൊട്ട് മുങ്ങിത്താണുപോവുന്ന

പച്ചക്കുന്നിൻ ചെരുവിൽ

സൂര്യനിൽനിന്ന് അന്നജമുണ്ടാക്കുന്ന

കുറ്റിച്ചെടിപോലെ

ഞാൻ എല്ലാം മലയാളത്തിൽ

സ്വാംശീകരിക്കുന്നു

മലയാളം എന്റെ ഹരിതകം

Saturday, December 4, 2010

വരിയിൽ വിരി വെച്ച്

പേരുകൊണ്ട്

കാട്ടിലൊരിടത്തിരിക്കണം

“പേരിലെന്തിരിക്കുന്നു“വെന്ന്

കറുപ്പായ് നാടുനീളെ അലഞ്ഞു

അൻവർ അലിയുടെ കവിതപ്പുറത്ത്

കാട്ടിലും ചുളുവിലൊന്നുപോയി വന്നു

കവിതയിലേക്കുള്ള ഭസ്മം

വാവരുപള്ളിയിൽ നിന്നും വാരി

കേരളക്കരയിൽ

ഒരു കന്നി മദ്യപനും

ഉണ്ടാകാതിരിക്കുമ്പോൾ

എന്ന് ആർക്കോ വാക്കും കൊടുത്തു

ശരണമില്ലയ്യപ്പാ.. എന്ന്

കവികളെക്കൊണ്ടും പറയിച്ചു

യാത്രയുടെ മരങ്ങൾ വളരുന്ന

കാൽ വേരുകൾക്കിടയിൽ

വഴിയിൽ വിരി വെച്ചു

നാലുവരി കീശയിലും വെച്ചു

Sunday, November 21, 2010

ചൂണ്ടുവിരൽ

ചുണ്ടുകൾക്ക് താഴിട്ട്

ചോദ്യമില്ലാതെ ഉരുളുന്ന

കഥയുടെ തിരിമറിച്ചിലുകൾക്ക്

ദിശപകരുന്ന ശബ്ദമില്ലാത്ത വാക്ക്

കുശുകുശുപ്പായ്

തീ പിടിച്ചവാലായ്

പറന്നുവരുന്ന മുദയായ്

പിളരുന്ന ഭൂമിയായ്

ആത്മഹത്യയുടെ ഓളംതല്ലലിളകും

അനന്തതയുടെ ഫണമായ്

പള്ളികൊള്ളും വർത്തമാനത്തിന്റെ

ചക്രായുധത്തിൽ തിരുകി

കലിയുഗത്തിലും കൈനാട്ടിയാവാൻ

മാംസത്തിൽ ജനിച്ച്

ആംഗ്യത്തിൽ വളർന്ന്..

Sunday, October 17, 2010

ശീട്ട്കെട്ട് രാജ

“ഇന്നത്തേയ്ക്ക് ഇതുമതി..നാളെയും വേണ്ടേ?”

ഷാപ്പിന്റെ നടയിൽനിന്നു തള്ളപ്പെട്ട്

പതിവുപോലെ സ്വന്തംഭാരവും പേറി

റോഡ് വക്കിലെ പൊന്തക്കാട്ടിൽ

മൂത്രമൊഴിക്കുമ്പോൾ

“ന്റമ്മോ”

മുമ്പിലെ മതിലിൽ പെങ്ങടെ മോൾ!

“ഇവളെന്താ ഇവിടെ ഈ നേരത്ത്”

ആലോചിച്ചു പിടികിട്ടിയില്ല

എല്ലാകാര്യങ്ങൾക്കും ഒരുരാത്രികൊണ്ടുതന്നെ

ഉത്തരംകാണെണ്ടതില്ലല്ല്ലോ എന്ന്

സമാധാനിച്ചു

ഇടവഴിയിൽ

രാത്രിഅഴിച്ചിട്ട ഇരുളിൻപനങ്കുല

ഇലക്ട്രിക് പോസ്റ്റിൽ

വിളക്കുവെയ്ക്കുന്നു യുവകന്യകകൾ

വോട്ട് തരില്ലേ എന്ന്

ചിരിയുടെ ചുണ്ണാമ്പ്

പല്ലും നഖവും മുടിയുമായി

ഒരു ടോർച്ച് വീട്ടിലെത്തുന്നു

അൻപതുശതമാനം കത്തിയ

അൻപതുശതമാനം പുകഞ്ഞ

ആ വിറകുകൊള്ളി എവിടെ?

ഒരു ബീഡികത്തിയ്ക്കാൻ

കുത്തുശീട്ട് ചിറകടിച്ച ഉമ്മറത്ത്

തഴപ്പായയിൽ ടപേന്ന് മലർന്ന് വീണു

ഒരു ശീട്ടുകെട്ട് രാജ

Thursday, September 2, 2010

കരിങ്കല്ലൂരിലെ സ്ത്രീ


അവൾ ബസ് കാത്തുനിൽക്കുന്നു

റോഡരികിലെ പുറമ്പോക്കിൽ

കൽ‌പ്പണിക്കാർ കൊത്തുന്നു

അമ്മി,കുട്ടി

തൊട്ടിൽ,കരച്ചിൽ.

രൂപം മാറാൻ കല്ലുകൾ

നിരനിരയായി കിടക്കുന്നു

കൽ‌പ്പണിക്കാർ കൊത്തിക്കെണ്ടേയിരിക്കുന്നു

ഒരു ചെറുപ്പക്കാരൻ

പെണ്ണുടൽ കൊത്തുന്നു

അവൾ ബസ് കാത്തുനിൽക്കുന്നു

ഒരുകല്ല് അരകല്ലാവാൻ

കാത്തുനിൽക്കുന്നു

Friday, August 13, 2010

അമരത്തം

അത്തത്തിനത്തും പുത്തും

കർക്കിടകത്തിൽ കേറിവന്നിരിക്കുന്നു

സ്മൃതിനാശമോ,

കാലാവസ്ഥാ വ്യതിയാനമോ?

പ്രായമേറെ ആയതല്ലേ

ഏതായാലും വന്നതല്ലേ

വന്നകാലിൽ നിൽക്കാതെ

പൂക്കളത്തിലിരുന്നാട്ടെ

ഈ അമർചിത്രകഥ

ആഘോഷിക്കുകതന്നെ

Thursday, July 29, 2010

എതിർപ്രാണികൾ

ഓഫീസിൽ കുറെ പട്ടാമ്പിക്കാരികൾ

ജയ, അന്നപൂർണ്ണ,രേവതി

വെളഞ്ഞവിത്തുകൾ

Tuesday, July 27, 2010

നീലസാഗരം

ധ്വനിപ്രിയ കവിതാസമിതിയിൽ ചർച്ച,

ഇന്നത്തെ കവിത: മറപ്പുര

മറപ്പുര വളച്ചുകെട്ടിയ ഒരു വാക്കാണെന്നും

എന്തുവേണമെങ്കിലും

അതിനുള്ളിൽ സംഭവിക്കാമെന്നും

ഒറ്റവാക്കിൽ ഒരു കവിതയെന്നും കവി

സ്ത്രീകളുടെതാണെങ്കിൽ

അതിന് വേറൊരു മാനം എന്നൊരാൾ

പൂവിതളായ്

തലയിൽ തകർന്നുവീഴുന്നത് എന്ന് വേറൊരാൾ

മിഴികൾക്കുത്സവമേകാൻ

ഒളികണ്ണന്മാർ തിരനോക്കുമ്പോഴാണ്

സാധാരണ സാഗർ

നീലസാഗർ ആവുന്നതെന്ന് ഉള്ളിലൊരാൾ

Monday, July 26, 2010

ദോശ

കുറച്ചുകാലം കഴിഞ്ഞ്

“കുഞ്ഞനെ തെള്മ്പത്ത് കെടത്തറ്”

എന്ന് കേൾക്കുമ്പോൾ

ഭാഷ ഇത്തിരിപ്പുളിച്ചുവോ എന്ന് തോന്നാം

‘ശ്...’ എന്ന് ആയിരം കണ്ണുമായ്

നാക്കിൽ വീഴാൻ

എരിഞ്ഞുമൊരിഞ്ഞ്..

അടുപ്പിന്നരികിൽ തീകായുന്ന കുട്ടിയ്ക്കായ്

ദോശക്കല്ലിന്റെ കാതിലും വിരിഞ്ഞ്..

Thursday, July 22, 2010

മാരീചൻ

എല്ലാ കർക്കിടകത്തിലും വിചാരിക്കും

രാമായണം വായിക്കണം

ഡിമൈ 1/8 സൈസിൽ ഡീലക്സ് ബണ്ടിൽ

വായന അകന്നകന്ന് പോവും

ഒടുവിൽ വഴിയരികിൽ

സ്വർണ്ണ നിറത്തിലൊരു മാനിനെ കാണും

പൂക്കൾ പറയും-ചിങ്ങമാസം

Friday, July 16, 2010

23 x 11 സെ. മീ.

23 x 11 സെ. മീ.

തൊഴിലന്വേഷകരെല്ലാം

സ്വന്തം മേലവിലാസം

ഉള്ളടക്കം ചെയ്യുന്നുണ്ട്

അതിനും മുൻപേ അവർ

പൂച്ചയെ നാടുകടത്തുന്നുമുണ്ട്

“എങ്ങോട്ടാ ഈ നേരത്ത്?”

“ഇതാ ഇവിടെ വരെ”

റെയിൽ‌പ്പാളങ്ങൾക്കും

കൈതക്കാടുകൾക്കുമപ്പുറം

പുച്ചയെ വിജനതയുടെ കൈയിൽ

ഏൽ‌പ്പിക്കുന്നുണ്ട്

നിലാവ് അതിനെ നക്കുന്നുണ്ട്

ഉള്ളടക്കത്തിനായ്

ഉള്ളുരുകി

ഇലനുള്ളി തിരിനുള്ളി

ഇളവെയിലായ്

പറമ്പിലുലാത്തുന്നുണ്ട്

ഒടുവിൽ

സ്വയം നാടുകടത്തുന്ന

ഒരു വിചിത്രമൃഗം

ഞങ്ങളുടെ ഗ്രാമത്തിൽ ജനിക്കുന്നുണ്ട്

Thursday, July 8, 2010

ജലചക്രം (ദൃശ്യ കവിത)

മഴ പെയ്യുന്നു, പുഴ കടലിലേയ്ക്കൊഴുകുന്നു, വീണ്ടും ....കാലം അങ്ങിനെ കറങ്ങുന്നു... http://www.youtube.com/watch?v=4_HqPRNrzfU
--

Friday, June 11, 2010

കൊട്ടിയൂർ

ബാവലിപ്പുഴയിൽ ജ-
നാവലിച്ചുഴിയിൽ
മേവിടും പെരുമാളേ
തൂവിടൂ പെരുമാരി!

കാടക ഇരുൾപ്പച്ച
ചാർത്തുന്നു വനമാല
മാരിനാരിൽ വാനം
കോർക്കുന്നു മണിമാല!

നാടാകെ ഓടപ്പൂക്കൾ
തൂക്കുന്നു ജടമാല
അക്ഷരം കോർത്തുചാർത്താം
ഞാനിന്നീ പദമാല!