Sunday, May 22, 2011

മൊഴിമാ‍റ്റം


വാമൊഴിയിൽ

വരമൊഴിചാലിച്ചൊരുമൊഴി,

ചോദിച്ചുചോദിച്ചുപോവുമ്പോൾ

മാറ്റിമാറ്റിപ്പറയാൻ.

മൊഴിമാറ്റുമ്പോൾ ഊർന്നുപോവാനല്ലേ

വിധി!

Saturday, May 21, 2011

ശരീരഭാഷ

നിന്റെ അഴകളവുകൾകൊത്തിയ

ചില്ലുകുപ്പിയിൽ

ഞാനെന്റെ മനസ്സൊഴിക്കുന്നു

ഇപ്പോഴതിന്

നിന്റെ ആകൃതി

Thursday, May 19, 2011

ഫേസ്ബുക്ക് സലൂൺ

നോക്കൂ

രണ്ടുകണ്ണാടിത്താളുകൾക്കകത്താണു നാം

മീശച്ചിറകടിച്ച് ചുണ്ടുകൾ

കണ്ണാടിയിൽ വന്നിരിക്കുന്നു

ഒറ്റ നോട്ടത്തിന്റെ വീശലിൽ

അനന്തതയിലെത്തുന്നു

രോമത്തെപ്പോലെ ചെറുത്തുനിൽക്കാൻ

ആർക്കാവും?

ഗറില്ലകൾപോലെ അവ

പൊന്തിവന്നുകൊണ്ടേയിരിക്കുന്നു

Tuesday, May 17, 2011

ഓർമ്മകളുടെ വാൾവ്

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

നാടുവിട്ടവരുടെ ഓർമ്മയ്ക്കായ്

മുറ്റം മുറ്റി മുക്കുറ്റിയും മുത്തങ്ങയും

കഴുക്കോൽ ഈശാനകോണിൽനിന്നും

ഏതു നിമിഷവും ഭൂജാതനാവാൻ നോക്കുന്നു

പ്രണയവും വാൾവുറേഡിയോയും

തമ്മിലുള്ള അഭേദ്യ ന്ധംധ്യാനിച്ച്

സിനിമാപ്പാട്ട്

കരയുന്ന മരക്കോണിയിൽ

പടിപൂജചെയ്യുന്നു

ട്രങ്ക്പെട്ടിതുറക്കുമ്പോൾ

ജന്മിത്തംതുലയട്ടെ

പഴയ ഓടിന്മേൽ

മത്തൻ വള്ളി കായ്ച്ചുകിടക്കുന്നു

പേറ്റുകിടക്കയിൽ നിന്നും നോക്കുമ്പോലെ

ഒരു മഞ്ഞപ്പൂ തലചെരിച്ചു ചിരിക്കുന്നു

Sunday, May 15, 2011

ഇടിമുഴക്കം

വാരികയുടെ താളുകൾ മറിക്കുമ്പോൾ
അതൊരു വയൽ
വരികൾ ഉഴുതു മറിച്ചിട്ട ചാലുകൾ-
എഴുപതെൺപതുകൾ

പാവക്കൂത്ത് നാടകമാടുന്നു
കൊക്കും മൈനയും വയലിൽ
ഒന്നു പതുക്കെഎന്നാരും പറഞ്ഞുപോം
മട്ടിൽ ചൊല്ലും കവിത കേൾക്കുന്നു

അലസയൌവനത്തിന്റെ വെയിലുംനിഴലും
പതിനഞ്ചുനായും പുലിയും കളിക്കുന്നു
കളിക്കളത്തിൽ തെളിയുന്നു
കാക്കിട്രൌസറിട്ട പോലീസ്

വിപ്ലവത്തിന്റെ കാഴ്ചപ്പാടുകൾ
തോക്കിൻ കുഴലിലൂടെ വായിക്കുന്നു
വിവർത്തനം ചെയ്ത വരയൻ കുതിരയെ
വരമ്പിലാരോ തേച്ചുകുളിപ്പിക്കുന്നു
കന്നുകുട്ടിയായ്മാറി മണികിലുക്കി
അതെന്റെ മലയാളാത്തിലെത്തുന്നു

ഉമ്മറത്തെത്തുമ്പോൾ
തോട്ടം മുഴുവൻ
പൂത്തുനിൽക്കുന്നു
മുറ്റമടിക്കുന്ന പെങ്ങളോട്
ഉദ്വേഗത്തോടെ ചോദിക്കുന്നു:
നീ ഒരിടിമുഴക്കം കേട്ടോ?”

Saturday, May 14, 2011

കൺകാണി

നിത്യഹരിത വനത്തെക്കുറിച്ചെഴുതാനിരുന്നു

ഒരു ചായ കുടിച്ചു

മൊട്ടക്കുന്നിൽ വെട്ടിയൊതുക്കിയ

തേയിലത്തോട്ടം തെളിഞ്ഞു

തേയിലനുള്ളുന്നവൾ

ഒരു നുള്ളുപോലും തിരിഞ്ഞു നോക്കുന്നില്ല്ല

വേണമെങ്കിൽ എത്ര വേണമെങ്കിലും

തിരിഞ്ഞുതിരിഞ്ഞു നോക്കാൻ പറ്റിയ ജോലിയാണ്

കാലിൽ മുള്ളൊന്നും കൊള്ളുന്നുമില്ല

മേടും പള്ളവും താണ്ടി

മാനേജരുടെ ബൈക്കിന്റെശബ്ദം

ഉദിച്ചുവരുന്നുണ്ട്

ഓരത്ത് ഒറ്റയടിപ്പാത

പേടിച്ചോടുന്നുണ്ട്,

വീട്ടിലേക്കാവാം

മരച്ചോട്ടിൽ

വടിയൂന്നി നിൽക്കുന്നുണ്ട്

നിഴലിൻ കങ്കാണി

വിജനതയിൽനിന്നുമൊരു സ്പ്രിങ്ക്ലർ

കണ്ണിൽ വെള്ളം തളിക്കുന്നു

ഭാവനയുടെ തേയിലത്തോട്ടത്തിൽ

ഒരു തളിരില ഞാൻ കടിച്ചു തുപ്പുന്നു



പുതുകവിതയിൽ വന്നത്