Sunday, April 24, 2011

മറുനാട്ടിൽ ഒരു മലയാളി

പുലർകാലത്തുള്ളിമഞ്ഞ്

വിറചുണ്ടിൽനിറയ്ക്കുന്ന

ശരണം പൊന്നയ്യപ്പസ്തുതികളില്ല

നനഞ്ഞ ഭസ്മക്കുറി വിളറുമ്പോൽ

തെളിയുന്ന കിഴക്കില്ല

കിഴക്കതിൽ വെളിച്ചത്തിൻ

കതിർകൊത്തിപ്പറക്കുന്ന മുകിലില്ല

മുകിലെയ്യും കിളിക്കൂട്ടശ്ശരങ്ങളില്ല

ഇന്നലെത്തേവർമിന്നിച്ചചൂട്ടിൽ

നിന്നുതിർന്നോരുറലുകളെല്ലാം

പൊന്നുമുക്കുറ്റിപ്പൂക്കളായ് നിൽക്കും

കുന്നിറക്കത്തിൻ പച്ചയുമില്ല

കുഞ്ഞുമൂർദ്ധാവിലുമ്മതന്നീർപ്പ

ഗംഗയുമായി പറന്നുവന്നെത്തി

കാത്തിരിക്കുന്ന വാക്കുമണക്കാൻ

പൂക്കൾതേടുന്ന തുമ്പികളില്ല

എല്ലുകോച്ചുന്ന മഞ്ഞിൽ നനഞ്ഞ്

ഞാറതെല്ലാം പറിച്ചുനടുന്ന

ഇഷ്ടദൈവങ്ങൾക്ക് തീക്കായുവാനായ്

കത്തിനിൽക്കും പടിപ്പുരയില്ല

ആരുമില്ലാത്തവർക്കാടുവാനായ്

താഴുമാൽമരവേരുകളില്ല

ആരുമോതാ കടങ്കഥക്കല്ല്

ആടിനിൽക്കും മനസ്സുകളില്ല

നൊസ്റ്റാൾജിയ ഒരു ചെടിയാണ്..

വേരറുക്കുമ്പോൾ മാത്രം വളരുന്നത്..

ജയൻ മീൻ


ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

ചരിത്രത്തിലേയ്ക്ക്

നാടകത്തിലേക്ക്

മറവിയുടെ ചുഴിയിൽനിന്നും

വെച്ച് പിടിക്കാമായിരുന്നു

അങ്ങാടിയിൽ വിരിമാർ പൊളിച്ച്

മുദ്രകാട്ടിക്കിടക്കാമായിരുന്നു

ഒരു സ്വർണ്ണമോതിരം കിട്ടിയിരുന്നെങ്കിൽ

വെള്ളം കൂട്ടാതെ വിഴുങ്ങാമായിരുന്നു

Sunday, April 10, 2011

ജനലോലപ്പറമ്പ്

ജനലിലൂടെ നോക്കുമ്പോൾ
ഒരുവൾ ആടിനെ മേച്ച് നിൽക്കുന്നു
കുഞ്ഞിനെവിടുന്നു,
അവളുടെ പേരെന്താണെന്ന് ചോദിക്കാൻ
തിരിച്ചെത്തി കുഞ്ഞുപറയുന്നു
പാത്തുമ്മ…