Sunday, July 17, 2011

കടന്നൽ കുത്തുമ്പോൾ


ആദ്യരാത്രി

കിടപ്പുമുറിയുടെ വാതിൽ‌പ്പിടിയിൽ

ഒരു പെൺ വിരലിൽ കടന്നൽ കുത്തുമ്പോൾ

കതകു തുറക്കുന്നത്

വേദനയിലേക്കും നിലവിളിയിലേക്കും മാത്രമോ?

മുക്കുറ്റിയുണ്ടോ?

കൂവളത്തിലയുണ്ടോ?

തേനുണ്ടോ?

മഞ്ഞളുണ്ടോ?

തുളസിക്കതിരുണ്ടോ?

എവിടെപ്പോയ്-

കാറ്റ് വർത്തമാനം പറഞ്ഞിരുന്ന

മുക്കുറ്റി,

പ്രാർത്ഥിക്കുമ്പോൾ ചുണ്ടിൽ വീണ

കൂവളം,

വടക്കൻപാട്ടരിഞ്ഞിട്ട

ദേഹകാന്തി,

മുടിയേറിപടിയിറങ്ങാറുള്ള

വിശുദ്ധി?

ടോർച്ച് വെട്ടത്തിന്റെ ചിരട്ടകൊണ്ട്

ഈ ഇരുട്ടു മുഴുവൻ വറ്റുമോ?

അർദ്ധരാത്രി

അടയ്ക്കാൻ തുടങ്ങും മുറുക്കാൻ കടയിൽ

അഴിഞ്ഞുലഞ്ഞമുടിയുമായൊരുവൾ

“ചുണ്ണാമ്പുണ്ടോ”

എന്ന് ചോദിക്കുമ്പോൾ,

പറ്റുപുസ്തകം

ഐതിഹ്യമാലയാകുമ്പോൾ

മലയാളത്തിൽമരിച്ചുപോയവാക്കുകളും

മണ്ണടിഞ്ഞ ഐതിഹ്യങ്ങളും

പുനർജ്ജനിക്കുമ്പോൾ..

അതിന്നായ്

കടന്നൽ ചാവേറാവുമ്പോൾ..

6 comments:

  1. ടോർച്ച് വെട്ടത്തിന്റെ ചിരട്ടകൊണ്ട്

    ഈ ഇരുട്ടു മുഴുവൻ വറ്റുമോ?

    ReplyDelete
  2. കവിത വളരെ ഇഷ്ടപ്പെട്ടു!

    ReplyDelete
  3. മാഷ് പറഞ്ഞ പോലെ ആ വരി ശ്രദ്ധിക്കപ്പെട്ടു.

    കവീത മൊത്തത്തില്‍ തലയില്‍ കയറിയോന്ന് സംശയമില്ലാതില്ല!

    ReplyDelete
  4. കവിത വളരെ നന്നായി,കടന്നല്‍ ചാവേറിന്റെ വംശമൊടുങ്ങാതിരിക്കട്ടെ

    ReplyDelete
  5. കിടപ്പുമുറിയുടെ വാതിൽ‌പ്പിടിയിൽ

    ഒരു പെൺ വിരലിൽ കടന്നൽ കുത്തുമ്പോൾ................?

    ഇവിടെ സംശയം തുടങ്ങി പിന്നെ മനസ്സിലായില്ല.....!

    ReplyDelete