Monday, June 20, 2011

കശുവണ്ടിയുടെ രൂപത്തിലും ....


ഒറ്റയ്ക്കാണിന്ന്, അങ്ങിനെ പതിവില്ല

കാല്പനിക കവിതകൾ കുറെ എഴുതാനുണ്ട്

മുറ്റത്തെ കിണർ മാഹാത്മ്യം..അതാകട്ടെ ഇന്ന്

കോരിക്കുടിച്ചെന്തു മധുരം എന്നൊക്കെ

എന്തായാലും മുറ്റത്തെ കിണറിനെ

പറഞ്ഞു പറഞ്ഞു വറ്റിക്കാൻപോവുന്നു:

മഴയിൽ മദിച്ചാർത്തുപൊന്തുന്ന കണ്ണ്

വിഷുവിന് കൈനീട്ടത്തുട്ടാവും കണ്ണ്

തുടിയുരുട്ടിപ്പാട്ടുപാടി പുലർച്ചയിൽ

ഒരു കോരിയിൽ കേറിയുയരുന്ന കണ്ണ്

കവിയിൽ കൃപാരസമായെത്തും കണ്ണ്

കഥയിൽ മുങ്ങാങ്കുഴി വീണാഴും കണ്ണ്

ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ

ചിരിയോളച്ചുറ്റുകൾ കുമിയുന്ന കണ്ണ്

പഴമൊഴിപ്പടവിലെ തവളയും, കാമന്റെ

കൊടിയിലെ പരൽകളും

പുളയുന്ന കണ്ണ്

അരിയും തിരിയും പൊലിയും പൊലിയുന്ന

പുകമുറ്റുമമ്പലക്കാവിലെക്കണ്ണ്

വറ്റാറായി.വരണ്ടു

ഒരെണ്ണം കൂടെ വേണം

സോഡ വേണ്ട..

മിനെറൽ വാട്ടർ മതി

ബില്ലും വന്നോട്ടെ

ഛെ! എന്താണിതിങ്ങനെയൊക്കെ തോനുന്നത്/

ആരിദ്?

മിനറൽ വാട്ടർ ബോട്ടിലോ

അകം പുറം മറിഞ്ഞു വന്ന കിണറോ?

ഗ്ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്

പാദസരങ്ങൾ അഴിച്ചുവെച്ച്

നാടുവിട്ടോടിപ്പോയ പുഴയുടെ ഒച്ചയോ?

കശുവണ്ടിക്ക്,

കീടനാശിനി തളിച്ച

ഗർഭസ്ഥശിശുവിന്റെ രൂപമോ?

ഇനി എറ്റവും പ്രധാനമായ,

നിങ്ങളേവരും കാത്തിരിക്കുന്ന,

കവിത അവസാനിപ്പിക്കൽ എന്ന

കർത്തവ്യത്തിലേക്ക് കടക്കട്ടെ

തൽക്കാലത്തേക്കാണു കേട്ടോ..

നാടു കടത്തിയ പൂച്ചയെപ്പോലെ അത് വരും

നാമൊക്കെ കവിതയിൽ നിന്നും

എഴുന്നേറ്റുപോവുന്നതു പോലെ

നാലുകാലിൽ, ചിലപ്പോൾ


5 comments:

  1. ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്

    പാദസരങ്ങൾ അഴിച്ചുവെച്ച്

    നാടുവിട്ടോടിപ്പോയ പുഴയുടെ ഒച്ചയോ?

    കശുവണ്ടിക്ക്,

    കീടനാശിനി തളിച്ച

    ഗർഭസ്ഥശിശുവിന്റെ രൂപമോ?
    വ്യത്യസ്തമായ കവിത ...!

    ReplyDelete
  2. നാല് കാലില്‍ ആണെങ്കില്‍
    അത് ശ്ലോകം ആകും
    അല്ലല്ല ശോകമാകും............
    പുഴകളെന്നോ
    പൂക്കളെന്നോ
    ഭൂമിക്കു കിട്ടിയ സ്ത്രീധനങ്ങള്‍ എന്നോ
    ഉറങ്ങിക്കിടക്കുമ്പോള്‍
    എല്ലാം കൊള്ളയടിച്ചു പോയെന്നോ
    എന്തോ എന്തോ
    ചിലപ്പോള്‍
    പൂച്ചയുടെ രൂപത്തിലും

    ReplyDelete
  3. I CAN SEE A DRUNK IMAGINING ALL SORTS OF THINGS, BUT IF IT IS A GIFTED POET? WOULD IT EMERGE OUT AS SUCH ELEGANT AND MEANINGFUL LINES? GOD KNOWS!ANY WAY YOUR LINES TENDS ME TO RECITE.

    ReplyDelete
  4. ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ

    ചിരിയോളച്ചുറ്റുകൾ കുമിയുന്ന കണ്ണ്

    പഴമൊഴിപ്പടവിലെ തവളയും, കാമന്റെ

    കൊടിയിലെ പരൽകളും.......
    ...അജിത്.,നന്നായി എഴുതിയിരിക്കുന്നു..
    ..അകംപുറം മറിഞ്ഞുവന്ന കിണറുകാണിച്ച് സ്വാസ്ഥ്യം കെടുത്തിയതിന് മാപ്പില്ല..

    ReplyDelete
  5. ഗൃഹാതുരത്വത്തിന്റെ പൊട്ടക്കിണറ്റിലെ തവളക്കവിതകൾ കുന്നിനു മീതെ പറക്കുന്ന വരികൾ ഈ കവിതയുടെ പാരഡോക്സ് (മഴയിൽ .... പുകമുറ്റുമമ്പലക്കാവിലെക്കണ്ണ്).

    ReplyDelete