Saturday, May 14, 2011

കൺകാണി

നിത്യഹരിത വനത്തെക്കുറിച്ചെഴുതാനിരുന്നു

ഒരു ചായ കുടിച്ചു

മൊട്ടക്കുന്നിൽ വെട്ടിയൊതുക്കിയ

തേയിലത്തോട്ടം തെളിഞ്ഞു

തേയിലനുള്ളുന്നവൾ

ഒരു നുള്ളുപോലും തിരിഞ്ഞു നോക്കുന്നില്ല്ല

വേണമെങ്കിൽ എത്ര വേണമെങ്കിലും

തിരിഞ്ഞുതിരിഞ്ഞു നോക്കാൻ പറ്റിയ ജോലിയാണ്

കാലിൽ മുള്ളൊന്നും കൊള്ളുന്നുമില്ല

മേടും പള്ളവും താണ്ടി

മാനേജരുടെ ബൈക്കിന്റെശബ്ദം

ഉദിച്ചുവരുന്നുണ്ട്

ഓരത്ത് ഒറ്റയടിപ്പാത

പേടിച്ചോടുന്നുണ്ട്,

വീട്ടിലേക്കാവാം

മരച്ചോട്ടിൽ

വടിയൂന്നി നിൽക്കുന്നുണ്ട്

നിഴലിൻ കങ്കാണി

വിജനതയിൽനിന്നുമൊരു സ്പ്രിങ്ക്ലർ

കണ്ണിൽ വെള്ളം തളിക്കുന്നു

ഭാവനയുടെ തേയിലത്തോട്ടത്തിൽ

ഒരു തളിരില ഞാൻ കടിച്ചു തുപ്പുന്നു



പുതുകവിതയിൽ വന്നത്

1 comment:

  1. വിജനതയിൽനിന്നുമൊരു സ്പ്രിങ്ക്ലർ
    കണ്ണിൽ വെള്ളം തളിക്കുന്നു- കൊടു കൈ.

    ReplyDelete