Tuesday, March 29, 2011

കൊഴിഞ്ഞപീലികൾ പെറുക്കുമ്പോൾ

മൂത്ത ചേട്ടൻ പട്ടാളത്തിൽ നിന്നും ലീവിൽ വരുന്നു! കാത്തിരുന്ന തീവണ്ടി റെയിൽവേസ്റ്റേഷനിൽ വന്നു പോയതിന്റെ ശ്ബ്ദം കേട്ടു. സ്റ്റേഷനിൽനിന്നും ഞങ്ങളുടെ ഗ്രാ‍മത്തിലേയ്ക്കിറങ്ങിവരുമ്പോഴുള്ള വയലിലൂടെ ചേട്ടൻ നടന്നു വരുന്നത്, നിരന്നുകിടക്കുന്ന തെങ്ങുകൾക്കിടയിലൂടെ മുറിഞ്ഞു മുറിഞ്ഞു കാണാം. യൂണിഫോമിട്ടാണ് വരവ്! പെട്ടി, ഹോൽഡോൾ എല്ലാം പച്ച മയം. യൂണിഫോമിലെ ചില ചുവന്ന അടയാളങ്ങൾകൂടെ ആവുമ്പോൾ നടന്നുവരുന്ന ഒരു ചെമ്പരത്തിക്കൊമ്പ്.! സാധനങ്ങൾ ചുമക്കുന്ന പോട്ടർ ആണ്ടിയേട്ടനോ? ചുവപ്പുമയം..ആണ്ടിത്തെയ്യം!

ഹോൾഡോൾ നിവർത്തുമ്പോൾ വിരിയുന്ന സാധനങ്ങൾ ഞങ്ങൾക്കറിയാം. അടച്ചുവെക്കൻ പറ്റുന്ന കണ്ണാടി, ഷേവിങ്ങ്സെറ്റ്, സോപ്പ്, ബ്ലേഡ്, ചില്ലറനാണയങ്ങളെന്നിവക്കിടയിൽ വൂളൻ സോക്സിൽ പൂച്ചയെപ്പോലെ പതുങ്ങിക്കിടക്കുന്ന പുലികൾ-റം കുപ്പികൾ (ടിടിആർക്കും പോസ്റ്റ്മാനും അർപ്പിക്കുന്നതിന്നായ് പെട്ടന്നുതന്നെ അവ അപ്രത്യഷമാകും),ചാർമിനാർ സിഗററ്റ് പാക്കറ്റുകൾ...

അത്തവണത്തെ വരവിൽ മറ്റൊന്നുകൂടെയുണ്ടായിരുന്നു ഹോൾഡോളിൽ. ഒരു ഫിലിപ്സ് റേഡിയോ! അതിന് ഒരു ലെതർ കുപ്പായം. ആ വിവരത്തിന് ഒരു ഇൻലൻഡ് ഇട്ടില്ലല്ലോ!

ആരോ പറഞ്ഞു:ഇപ്പം വിവിദ ബാരതി കിട്ടും.

അതെന്ത് ഭാരതി?

സിനിമയിൽ കാണുന്നത് പോലെ, റേഡിയോ ഓൺ ചെയ്തതും, “അടുത്തതായി വിവാഹിത എന്നചിത്രത്തിൽ യേശുദാസ് പാടിയ ഗാനം” എന്ന് കേട്ടു. സദസ്യർ നിശ്ചലരായി!!

സുമംഗലീ നീ ഓർമ്മിക്കുമോ

സ്വപ്നത്തിലെങ്കിലും ഈ ഗാനം

ഒരു ഗദ്ഗദമായ് മനസ്സിലലിയും

ഒരു പ്രേമകഥയിലെ ദു:ഖ ഗാനം...

അതുവരെ വേലിക്കൽനിന്നും, മരത്തിൻ മുകളിലിരുന്നും, കല്ല്യാണ വീടുകളിൽനിന്നും, പാർട്ടി സമ്മേളനങ്ങളിലും, സിനിമാ ടാക്കീസിൽനിന്നും മാത്രം കേട്ടിട്ടുള്ള പാട്ടിതാ വീട്ടിൽ കേറി വന്നിരിക്കുന്നു! വന്ന കാലിൽ നിൽക്കാതെ ആദ്യത്തെ വിരുന്നുകാരനായ ആ പാട്ട് മനസ്സിൽ തന്നെ കയറിയിരുന്നു. എന്തിനും ഒരാദ്യമുണ്ടല്ലോ!

ഈ പാട്ട് നിരാശാകാമുകരുടെ തീം പാട്ടായിരുന്നു അക്കാലത്ത്. കല്ല്യാണം കഴിഞ്ഞ് പോവുന്ന (രക്ഷപ്പെടുന്ന) യുവതികളുടെ കല്ല്യാ‍ണത്തലേന്ന് രാത്രി “ സുമംഗലീ നീ ഓർമ്മിക്കുമോ..”വീണ്ടും വീണ്ടും ലൈറ്റ് &സൌണ്ട്കാരനെക്കൊണ്ട് വെപ്പിച്ച് തെങ്ങിൻ തടത്തിൽ കുഴഞ്ഞുകഴിഞ്ഞുകൂടിയിരുന്ന കാമുകർ. കുതിരക്കരുണൻ ആയിരുന്നു പാട്ടുവെക്കുന്ന ആൾ. ഒരു അന്തവും കുന്തവുമില്ലാതെയാണ് പാട്ടുവെക്കുക. ഒരു കല്ല്യാണ മുഹൂർത്തസമയത്ത് മൂപ്പർവെച്ചത് “ഡോക്റ്റർ സാറേ..ലേഡീ ഡോക്റ്റർ സാറേ ഈ രോഗമൊന്നു ....” എന്ന പാട്ട്.

കയ്യിൽ കിട്ടിയത് കുതിരയ്ക്ക് പാട്ട്! അതിന്നുശേഷം കുതിര എന്ന വിശേഷണം മാറ്റി മറ്റൊരു മൃഗത്തിന്റെ പേരായിരിക്കും അഭികാമ്യം എന്ന് ഞങ്ങളുടെ ഇടയിൽ അഭിപ്രായമുണ്ടായി. “വിരിഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ കൂന്തലാൽമറയ്ക്കുവാനേ കഴിയൂ” എന്ന വരികൾ ഒരു മുന്നറിയിപ്പുമില്ലാതെ അസ്ഥാനത്തും അസമയത്തും പതിവിലധികം ശബ്ദത്തിലും ഇടവഴികളിലൂടെ ആരെയോ കൊള്ളിച്ച് പാടിപ്പോകുന്ന താടിക്കാരായ ചെറുപ്പക്കാർ ധാരാളമുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. “പ്രിയ സഖീ പോയി വരൂ..” വരുന്നതുവരെ സുമംഗലി റേറ്റിങ്ങിൽ ഒന്നാമതായിത്തന്നെ നിന്നു.

ചലചിത്രഗാനത്തിന്റെ ഓർമ്മകളെ റേഡിയോവിൽനിന്നും അടർത്തിയെടുക്കാൻ പറ്റില്ല.നീയില്ലെങ്കിൽ ഞാനില്ല എന്ന സ്റ്റൈൽ. പാട്ടുകേൾക്കുന്നതിന്റെ രീതി, Tape Recorder മുതൽ CD player, MP3, ipod, mobile എന്നിവയുടെ ഉപയോഗമനുസ്സരിച്ച് മാറി. അവയിലൊക്കെ നിയതമായ ക്രമമനുസരിച്ച് പാട്ടുകൾ പട്ടാളച്ചിട്ടയിൽ മാർച്ചുചെയ്തുവന്നു. എന്നാൽ റേഡിയോവിലുടെ വരുന്ന പാട്ടൊന്നു വേറെ. നിങ്ങൾ ആവശ്യപ്പെട്ടതാണെങ്കിലും എന്താണ് ചിലർ ആവശ്യപ്പെടുകയെന്ന് അറിയില്ലല്ലോ!.അടുത്തതെന്ത് എന്നറിയാത്ത, ജീവിതം പോലെ അനിശ്ചിതം. പറയാതെ വന്ന്, മൂന്നുനാലുമിനിട്ട് നമ്മുടെകൂടെയിരുന്ന് വരികളുടെയും ഈണത്തിന്റെയും ഓർമ്മകൾ ബാക്കിവെക്കുന്ന ആകസ്മികത! ഈ അടുത്ത ദിവസം യാത്രക്കിടയിൽ “രാഗാർദ്ര ഹംസങ്ങളോ നമ്മൾ രാവിന്റെ രോമാഞ്ചമോ..” എന്ന് FM ൽ കേട്ടപ്പോൾ വണ്ടി റോഡരുകിൽ ഒതുക്കേണ്ടിവന്നു. മുമ്പേ പരിചയപ്പെടേണ്ടതായിരുന്നു എന്നു വിചാരിക്കുമ്പോഴേക്കും ആ പാട്ട് ഇറങ്ങിപ്പോയി. എല്ലാവരുടെയും കാതിൽ ഒരുമിച്ച് മഴപോലെ പൊഴിഞ്ഞ പാട്ടുകൾ ചെവിക്കുള്ളിൽ തിരുകുന്ന ഒരുപകരണത്തിൽ നിന്നാവുമ്പോൾ നഷ്ടപ്പെടുന്നത് പാട്ടിന്റെ സോഷ്യലിസമാണ്. കർത്താവേ ഇവർ കേൾക്കുന്നതെന്തെന്ന് മറ്റാരും അറിയുന്നില്ലല്ലോ? പാട്ടുകേൾക്കുന്നതിന്റെ പഴയ രീതി ഒരു മധുരനാരങ്ങ പല അല്ലികളായ് പലർകഴിക്കുന്നതാണെങ്കിൽ ഇപ്പോഴത് ഒരു മുഴുവൻ നാരങ്ങയും അതിന്റെ മധുരവും ആർക്കും പങ്കുവെയ്ക്കാതെ ഒറ്റയ്ക്ക് കഴിക്കുന്നതുപോലെ.

ഓർക്കുന്നപാട്ട് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാവണമെന്നില്ല. “സുമംഗലീ..” ഓർക്കുന്നപാട്ടാണെങ്കിലും വിവാഹിത എന്ന ചിത്രത്തിൽ തന്നെയുണ്ട് എനിയ്ക്ക് അതിലുമിഷ്ടപ്പെട്ട പാട്ട്- “ദേവലോക രഥവുമായ്..”. അപ്പോൾ ഏതു പാട്ടാണ് ഏറ്റവുമിഷ്ടം എന്നൊരു ചോദ്യമുണ്ട്. 1“പൌർണ്ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു ..” ആണ് മലയാളത്തിൽ ഞാ‍ൻ ഏറ്റവുമിഷ്ടപ്പെടുന്ന പാട്ട്. സ്ത്രീ ശബ്ദത്തിൽ 2“മനസ്സിനുള്ളീൽ മയക്കം കൊള്ളും...”; പിന്നെ യുഗ്മഗാനങ്ങളിൽ 3“യദുകുല രതിദേവനെവിടെ.”യും.

പാട്ടിന് മറ്റുപലതുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവസ്ഥയുണ്ട്. പാട്ടുകാലം, പാട്ടുസമയം, പാട്ടുമണം, പാട്ടാളുകൾ, പാട്ടുപ്രണയം അങ്ങിനെ അങ്ങിനെ..

“ജ്ഞാനപ്പഴത്തെപ്പിഴിന്ത്..” എന്ന ടാക്കീസിലെ കോളാമ്പിപ്പാട്ട് മൈതാനത്തിൽ നിലക്കടല കൊറിച്ചിരുന്നവരെ സിനിമയിലേക്ക് ക്ഷണിച്ചു. “വിനായകനെ വിനൈ തീർപ്പവനേ..” എന്ന പാട്ട് ടിക്കറ്റ് കൊടുക്കാൻ തുടങ്ങി എന്ന് എല്ലാവരോടും പറയാതെ പറഞ്ഞു.

ഹോസ്റ്റലിൽ താമസിക്കുമ്പോൾ വൈകുന്നേരം കളികഴിഞ്ഞ് ചെറിയ ടാർ റോഡിലൂടെ, നിരനിരയായ ഹോസ്റ്റൽ ബ്ലോക്കുകൾക്കുമുന്നിലൂടെ നടക്കുമ്പോൾ, അനേകം കുളിമുറികളിൽ നിന്നും കേൾക്കുന്ന കൂളിയൊച്ചകൾക്കിടയിലൂടെ വന്ന നിരവധി വാസനസോപ്പുകളുടെ മണത്തിൽ വേറിട്ടു നിന്ന ലിറിൽ സോപ്പിന്റെ മണം, അതിനോട് ഇഴ ചേർന്ന് റോഡിൽ പൊഴിഞ്ഞുവീണ അരളിപ്പൂക്കൾ, അതിനും മേലെ പൊഴിഞ്ഞ “മഞ്ഞണിക്കൊമ്പിൽ...” എന്ന പാട്ട്...

പാട്ടോർമ്മിക്കുമ്പോൾ Music Room ഓർക്കാതിരിക്കാൻ പറ്റില്ല. അന്ന് ആകാശവാണി കഴിഞ്ഞാൽ ഏറ്റവുമധികം പാട്ടുകളുടെ ശേഖരം കോഴിക്കോട് REC യിൽ ആണ്. അസംഖ്യം LP ഡിസ്കുകൾ അടുക്കി വെച്ചിട്ടുള്ള ഡ്രോയറുകൾ, അതിന്നായ് മാത്രം ഹോസ്റ്റലിൽ ഒരു മുറി, ഒരു സെക്രട്ടറി, ഒരു പാർട് ടൈം ജീവനക്കാരൻ! ആനന്ദ് ശങ്കറിന്റെ ഫ്ലൂട്ടാണ് കോളേജിന്റെ തീം മ്യൂസിക്. നമ്മൾക്കാവശ്യമുള്ള പാട്ട് കാറ്റലോഗ് നോക്കി എഴുതിക്കൊടുക്കാം.വൈകുന്നേരം അഞ്ചുമണിമുതൽ ഏഴുമണിവരെ വിവിധ ഭാഷകളിലെ പാട്ടുകൾ-ഞങ്ങളാവശ്യപ്പെട്ടത്-കാമ്പസ്സിൽ മുഴങ്ങും. കാസറ്റ് ഏൽ‌പ്പിച്ച് പാട്ടുകൾ എഴുതിക്കൊടുത്താൽ ഒരു നിശ്ചിത ഫീസ് ഈടാക്കി റെക്കോർഡ് ചെയ്തു തരാനുള്ള ഏർപ്പടുണ്ടായിരുന്നു. പാട്ടുകാരനായിരുന്ന രാജൻ (രാജൻ എവിടെ?) ഇവിടെ വന്ന് എഴുതിക്കൊടുത്തിട്ടുണ്ടാവുമല്ലോ എന്നെല്ലാം ഓർത്തുപോവും. Music Room ഒരു വൈകാരിക infrastructure ആയിരുന്നു.

പാട്ടും റേഡിയോവുമായുള്ള ബന്ധം, കവിതയിലും ആകസ്മികമായി വന്നിട്ടുണ്ട്. ശ്രീലങ്കയിൽ സൈന്യം പുലികളെ കീഴടുക്കന്നതിന്റെ അവസാന ദിവസങ്ങളിലെഴുതിയ ആ കവിത-മൂൻറുമണി മുപ്പത് നിമിഡം- അപ്പോൾ തന്നെ ആ ഹരിതകത്തിൽ വരികയും ചെയ്തു.

“ഇലങ്കൈ ഒലിപരപ്പുക്കൂട്ടുത്താവന

ആസിയ സേവൈ…നേരം.”

പാമ്പൻ പാലം നുഴഞ്ഞ്

ധനുഷ്കോടിയിൽ മുങ്ങി

കാറ്റ് റിനിലേ വന്ന് കാതിൽ വീണ

ഗറില്ലാപാടൽകളേ..

കാണുന്നുണ്ടോ നിങ്ങൾ?

റബ്ബർ മരങ്ങളുടെ സാലഭഞ്ജികകൾ

ഉന്നവും ഉണ്ടയും തീർന്ന പീരങ്കികൾ

കാൽ വിരൽ തുമ്പുതൊട്ടാൽ

പൊട്ടിത്തെറിക്കുന്ന അഹല്യകൾ

പെട്ടിയും കുട്ടിയും പ്രമാണങ്ങളും

നിഴലിക്കുന്ന ചതുപ്പിൽ

അഹിംസ

കണ്ണടച്ച് ധ്യാനത്തിനിരിക്കുന്ന താമരകൾ

പുൽമേട്ടിൽ

പുലി കിടന്നതിന്റെ അടയാളങ്ങൾ

ഒതുക്കുകല്ലുകൾ കയറി നിഴൽ വരുമ്പോൾ

പൊഴിഞ്ഞു വീഴുന്ന നാലുമണീപ്പൂക്കളേ

മലയാള പാടൽകളേ

വണക്കം ചൊല്ലി വിട വാങ്ങാൻ

അരമണീ നേരം മാത്രം

ഒരു രസത്തിന് ‘സുമംഗലി’പ്പാട്ടിനെ വിശകലനം ചെയ്യുമ്പോഴും രസം-“ഓർമ്മിക്കുമോ ഈ ഗാനം..” എന്ന് പാട്ട് ചോദിക്കുകയാണ്. അതിനെ അതിന്റെ പാട്ടിന് വിടാ‍ൻ പറ്റുമോ?“ഓർക്കുന്നു നിന്നെ ഞാൻ..” എന്ന് ഈ എഴുത്തിലൂടെ ഞാനാപ്പാട്ടിനോടു പറയട്ടെ. പാട്ടിന്റെ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കുമ്പോൾ, ഇതാ..ആ റേഡിയോയുടെ തുകൽ കുപ്പായത്തിന്റെ മണം എന്റെ ഓർമ്മയുടെ മൂക്കിലെത്തുന്നു!

1.റെസ്റ്റ് ഹൌസ്/ശ്രീകുമാരൻ തമ്പി/ എം.കെ.അർജ്ജുനൻ/യേശുദാസ്

2. തുറക്കാത്തവാതിൽ/പി.ഭാസ്കരൻ/കെ.രാഘവൻ/ജാനകി

3. റെസ്റ്റ് ഹൌസ്/ശ്രീകുമാരൻ തമ്പി/ എം.കെ.അർജ്ജുനൻ/ജയചന്ദ്രൻ&ജാനകി

4.. http://www.harithakam.com/ml/Poem.asp?ID=785

(പാട്ടോർമ്മ, മാധ്യമം വാരിക; 6 Sep 2010)

4 comments:

 1. നന്നായി എഴുതി

  ReplyDelete
 2. എന്തൊക്കെയോ തൊട്ടുണർത്തി, മോഹത്തിന്റെ മുഖം ഞാൻ കണ്ടു മുഷിഞ്ഞിരിക്കുന്നു .. എന്നൊരു സായാഹ്നപ്പാട്ട് കേൾപ്പിച്ച് അലിഞ്ഞു പോയ ലേഖനം!

  ReplyDelete
 3. These lines take me to 30 years back.Rly station in a very remote village, an ancient house amidst coconut trees,out there paddy fields.. hazy out lines of hills...the soldier in uniform is advancing.......I think I involved in the family gathering... old songs flowing out from the wonder box...I Feel it...
  J

  ReplyDelete
 4. നന്നായിരിക്കുന്നു ഈ പാട്ടോര്‍മ്മ.. ഇതിനു മുന്‍പ് ഒന്ന് വായിച്ചത് രാധിക ചേച്ചിയുടെ രുദാലി എന്ന സിനിമയിലെ പാട്ടോര്‍മ്മ ആയിരുന്നു..

  ReplyDelete