Saturday, March 5, 2011

പശു നമുക്ക് പാലു മാത്രമല്ല തരുന്നത്

പശുവിനെ വഴിയിലോ ആലയിലോ കണ്ട ഓർമ്മകളോടൊപ്പം ഏട്ടിൽ കണ്ട ഓർമ്മകളും നമ്മളിൽ പലർക്കുമുമുണ്ട്. പലരുടെയും ആദ്യപ്രബന്ധംതന്നെ പശുവാണ് പശു ഒരു വീട്ടു മൃഗം. തെങ്ങിനെക്കുറിച്ചെഴുതാൻ പറഞ്ഞാൽ പശുവിനെ അതിന്മേൽ കെട്ടും എന്ന് തമാശയായി പറയാറുണ്ട്. അങ്ങിനെ, മലയാളി, കുട്ടിയായിരിക്കുമ്പോൾ തന്നെ സൃഷ്ടിക്കുന്നുണ്ട് ഏട്ടിലെ പശുവിനെ. കാമധേനുവും കൽ‌പ്പകതരുവും എന്ന് ഒരു സിനിമാപ്പാട്ടിലുമുണ്ട്.

പശു പുതിയ മലയാള കവിതയിൽ എങ്ങിനെയൊക്കെ വരുന്നു എന്ന് പറയാനാണ് ഇവിടെ ഉദ്യമിക്കുന്നത്.

മൂന്നു കവിതകൾ,മൂന്നു കവികൾ, മൂന്നു പ്രായക്കാർ.

സുബഹി നിസ്കരിച്ച്
തീറ്റികൊടുക്കാൻ
തൊഴുത്തിൽ ചെന്നപ്പോൾ
കെട്ടിയ കുറ്റിയിൽ കയറുമാത്രം.

"ന്റെ റബ്ബേ"
നെഞ്ചത്തു കൈവെച്ചു ചെക്കുമ്മത്താത്ത.

പുല്ലൂട്ടിയിലെ ബാക്കിയായ വൈക്കോലും
ഉറക്കം തെളിയാത്ത പൂച്ചയും
അമ്പരന്നിരുന്നു.

കണ്ണുനിറഞ്ഞ തൊടിയിലെ പുല്ലുകൾ
കണ്ടില്ലെന്നു പറഞ്ഞു.

അപ്പുറത്തെ മേനോനും
ഇപ്പുറത്തെ നായരും
വിവരശേഖരണം നടത്തി
നിഗമനത്തിലെത്തി.

പശുവപ്പോൾ
ഇന്നലെ തീറ്റിയ
കുന്നിന്റെ പള്ളയ്ക്ക്
പാൽചുരത്തുകയായിരുന്നു.

ഇത് അഭിരാമി ആറാംക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ 1കാണാതായ പശു എന്ന കവിത.

കാണാതായ പശുവിനെ ആദ്യം കണ്ടത് ഹരിതകത്തിൽ ആണ്; പിന്നീട് കുട്ടികൾ തയ്യാറാക്കിയ യുറീക്കയിലും കണ്ടു.

അഭിരാമിയുടെ പശുക്കവിത ഒരു അമ്പരന്ന കോഴിക്കുഞ്ഞെഴുതിയത് പോലെ! തൊടിയിലെ കണ്ണുനിറഞ്ഞ പുല്ലുകൾപോലെ രസത്തിന്റെ മുത്തുകൾ വിളയിക്കുന്നു ഈ കവിത. കുന്നിനു പാലുചുരത്തുമ്പോൾ ആ പശുവിന്റെ കണ്ണുകൾ അടയുന്നത് നമ്മൾ കാണുന്നു.

ഇനി നമുക്കു വിഷ്ണുപ്രസാദിന്റെ അമ്മായിയുടെ 2പശുവിന്റെ അടുത്തേയ്ക്ക് ചെല്ലാം. സൂക്ഷിക്കണം, കുത്തുള്ള പശുവാണ്! സെക്സും സ്റ്റണ്ടുമുള്ള ഒരു കവിത. പലതരത്തിലുള്ള കെട്ടുപൊട്ടിക്കലുണ്ടല്ലോ?. അല്ലെങ്കിൽ വേണ്ട, കയറുപൊട്ടിക്കലുകളെപ്പറ്റിപ്പറഞ്ഞ് നിങ്ങളെ വേലി ചാടിക്കുന്നില്ല! വിഷ്ണുപ്രസാദിന്റെ കവിത ഓടുന്ന നാടൻ വഴിയിലെ, അച്ചുവേട്ടന്റെ ചായക്കടയിലേക്ക് വന്നാലും!

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കിൽ
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവൻ
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റർ ഓടിയാൽ
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയിൽ ചായ കുടിക്കുന്നവർ
മൂക്കത്ത് വിരൽ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

പല ആഗ്രഹങ്ങളും അടക്കിവെക്കുന്ന ആ പശുവിന്റെ സ്വാതന്ത്ര്യദിന ചിന്തകൾ എന്തെല്ലാമായിരിക്കും? അമ്മായി സ്വന്തം മകളെപ്പോലെയാവുമോ അതിനെക്കണ്ടിരുന്നത്? കാമധേനുവിലെ കാമവും കയറിവന്നിട്ടുണ്ടോ (കയറുപൊട്ടിച്ച്)?കാമം, ക്രോധം, മോഹംസിനിമാ പോസ്റ്റർ ആ ചായപ്പീടികയുടെ ചുമരിൽ ഞാൻ കാണുന്നു. വായിച്ചു കഴിയുമ്പോൾ കവിത ആസ്വദിക്കുന്ന രീതി ഒന്നുമാറ്റൂഎന്ന് വായനക്കരുടെ നടുപ്പുറത്ത് ഒരടി വീഴുന്നുണ്ട് !

ഇനി നമുക്ക് കുരീപ്പുഴയുടെ 3പശുവിന്റെ (പുഴയുടെ പശു?)അടുത്തേയ്ക്ക് പോവാം. പേടിക്കേണ്ട, വന്നോളൂ..മുത്തശ്ശിപ്പശുവാണ്..

അധ്യക്ഷനാണ് ചതിച്ചത് .
വേദിയിൽ കിടന്ന
മുത്തശ്ശിപ്പശുവിനെ
അഴിച്ചു
മൈക്കുകാലിൽ കെട്ടി.

പശു
മൂന്നുമണിക്കൂർ
ഓര്‍മ്മകൾ അയവിറക്കി.

ഓഡിറ്റൊറിയം മരുഭൂമിയായി.

കുരീപ്പുഴയുടെ കവിതയിൽ സെക്സും സ്റ്റണ്ടും കഴിഞ്ഞ് പശു മുത്തശ്ശി ആയിരിക്കുന്നു. ഈ കവിതയെക്കുറിച്ചുകൂടുതലെന്തെങ്കിലും പറഞ്ഞ് കവിതയിലെ പശുവിനെപ്പോലെ ആളെ ഓടിക്കാൻ ഞാനാളല്ല- അത്രയ്ക്ക് സംവദിക്കുന്നുണ്ട് കവിത. കുറച്ച് പറഞ്ഞ് കൂടുതൽ പറയുന്ന നല്ല കവിത, കൂടുതൽ പറയുന്നവരെക്കുറിച്ച് കുറച്ചു വാക്കുകളിൽ പറഞ്ഞിരിക്കുന്നു!

കുട്ടിയുടെ കവിതയിൽ മാത്രമെ പാലുള്ളു(കവിതയിൽ കുട്ടിയ്ക്കേ പാലുള്ളു!), മുതിർന്നവരുടെ കവിതയിൽ അയവിറക്കലാണ്. പ്രായമാവുന്തോറും അയവിറക്കുന്ന പരിപാടി കൂടുന്നുമുണ്ട്, കുരീപ്പുഴയുടെ പശുവിന്റേത് ഒടുക്കത്തെ അയവിറക്കൽ! മുതിർന്നവരുടെ കവിത കെട്ടിയിട്ട പശുക്കൾ അയവിറക്കുന്ന ചിത്രത്തിലാണ് അവസാനിക്കുന്നതും. കെട്ടിയിട്ടപശുക്കൾക്ക് മേയാൻ കയറിന്റെ ആരം, മേഞ്ഞാൽ ഒരു വൃത്തം, ആ വൃത്താന്തത്തിലോ- അയവിറക്കുന്ന പശു. വീട്ടുമൃഗമാണെങ്കിലും മൂന്നു കവിതകളിലും പശുവിന്റെ പരിസരത്ത് വീടു കാണുന്നില്ല. വീടെവിടെ പൈക്കളേ!

ഒരു ദിവസം സന്ധ്യമയങ്ങുന്ന നേരത്ത് കേട്ട പശുവിന്റെ ബ്ബേ..പുഴക്കരയിലെ ഇലച്ചാർത്തിൽ മുങ്ങിനിശ്ശബ്ദമായപ്പോൾ, അഭിരാമിയുടെ കവിത മുന്നിലെത്തി. ഒരുച്ചയ്ക്ക് കുളക്കരയിലെ പുൽപ്പരപ്പിൽ ധാടയിളക്കി ഒരു പശു അയവിറക്കുന്നത് കണ്ടപ്പോൾ വിഷ്ണുവിന്റെ കവിത മാത്രമല്ല, സാക്ഷാൽ വിഷ്ണുവിനെയും ഓർത്തു. ഘോരഘോരം, നിർത്താൻ ഭാവമില്ലാതെ ആരെങ്കിലും പ്രസംഗിക്കുന്നുണ്ടെങ്കിൽ, കുരീപ്പുഴയുടെ കവിതയോർത്ത് ഓഡിറ്റോറിയത്തിൽനിന്നും ഞാനെന്റെ തടിയെടുക്കാൻ തീരുമാനിച്ചു.

കാണതായും, വീടുവിട്ടും, കെട്ടിയും കെട്ടാതെയും, കെട്ടുപൊട്ടിച്ചും, ഓർമ്മകൾ അയവിറക്കിയും മൂന്നു കവിതകളിലും പശു. ഈ പശുക്കവിതകൾ വായിച്ച് അയവിറക്കുന്നു ഞാൻ.

4പേരാറ്റു നീരാ‍യ ചെമ്പിച്ച പൈക്കളുടെ സാന്നിദ്ധ്യം കവിതയിൽപണ്ടു മുതൽക്കേ ഉണ്ട്. നമ്മൾ കാണാതെപോയ പശുക്കൾമലയാള കവിതയുടെ വ(ര)ഴികളിൽ വെയിൽചുട്ടിയും നിഴൽ പുള്ളിയുമായ് ഇനിയുമുണ്ടാവാം. ആ വഴിയിൽ അടുത്തകാലത്ത് കണ്ടുമുട്ടിയ പശുക്കളുടെ വിശേഷം പറഞ്ഞെന്നുമാത്രം. ചെവികളിളക്കി, മണി കിലുക്കി, അവ-കാണാതെപോയ പശുക്കൾ- നമ്മെ നോക്കി, “ഞാൻ ഈ ഏട്ടിലുണ്ടെന്ന് പറയുന്നുണ്ടാവാം. ഏട്ടിൽ നിന്നല്ല തിരയിൽനിന്നാണ് രണ്ടു പശുക്കളെ പിടിച്ചുകൊണ്ടുവന്ന് സഹൃദയസമക്ഷം ഹാജരാക്കിയിട്ടുള്ളത്(വാമൊഴിക്കും വരമൊഴിക്കും ശേഷം-തിരമൊഴി എന്ന് കവി പി.പി.രാമചന്ദ്രൻ). ഏട്ടിൽനിന്നോ തിരയിൽ നിന്നോ എവിടെനിന്നായാലും, ഒന്നൊത്തുപിടിച്ചുവലിച്ചാൽ, മലയാളത്തിലെ പശുക്കവിതകൾ എന്ന് ഒരു സമാഹാരമിറക്കാം. സമാഹരിക്കൽ നടക്കില്ലെങ്കിൽ ആ ചിന്തയെ മറ്റൊരു ഏട്ടിലെപ്പശുവാക്കി സംഹരിക്കാം!

പശുക്കവിതയ്ക്ക് പിശുക്കുണ്ടാവില്ല എന്നു തോന്നുന്നു. മലയാളത്തിന്റെ പച്ച, വൈലോപ്പിള്ളി എഴുതിയതുപോലെ പോലെ എല്ലാ പശുക്കൾക്കും പുല്ലാകട്ടെ!

1. കാണാതായ പശു എന്ന അഭിരാമിയുടെ കവിത www.harithakam.com ൽ നിന്ന്

2. പശു - കുളം+പ്രാന്തത്തി എന്ന വിഷ്ണൂപ്രസാദിന്റെ ആദ്യത്തെ കവിതാ പുസ്തകത്തിൽ നിന്ന്

3. നഗ കവിത-പശു കുരീപ്പുഴ ശ്രീകുമാറിന്റെ ബ്ലോഗിൽ നിന്ന് (http://kureeppuzha.blogspot.com)

4. കറുത്തചെട്ടിച്ചികൾ, ഇടശ്ശേരി

1 comment:

  1. പശുവിനെ തെങ്ങിൽ കെട്ടുന്നതിനു പകരം അതിനെ കവ്ഇതയിൽ കെട്ടി അയവിറക്കലും അനുഭവിക്കലും കവിതയിൽ എന്ന ഉത്തിഷ്ഠമാനമായ വിഷയത്തെ പുരസ്ക്കരിച്ചെഴുതിയ ഈ പ്രൌഢപ്രബന്ധത്തിനു നമസ്ക്കാരം. അമ്പരന്ന കോഴിക്കുഞ്ഞെഴുതിയത് എന്നെഴുതിയതിന് ഒരു പട്ട് ഞാൻ വാങ്ങിവെച്ചിട്ടുണ്ട്, കാണുമ്പോൾ തരാം.

    ReplyDelete