Sunday, October 17, 2010

ശീട്ട്കെട്ട് രാജ

“ഇന്നത്തേയ്ക്ക് ഇതുമതി..നാളെയും വേണ്ടേ?”

ഷാപ്പിന്റെ നടയിൽനിന്നു തള്ളപ്പെട്ട്

പതിവുപോലെ സ്വന്തംഭാരവും പേറി

റോഡ് വക്കിലെ പൊന്തക്കാട്ടിൽ

മൂത്രമൊഴിക്കുമ്പോൾ

“ന്റമ്മോ”

മുമ്പിലെ മതിലിൽ പെങ്ങടെ മോൾ!

“ഇവളെന്താ ഇവിടെ ഈ നേരത്ത്”

ആലോചിച്ചു പിടികിട്ടിയില്ല

എല്ലാകാര്യങ്ങൾക്കും ഒരുരാത്രികൊണ്ടുതന്നെ

ഉത്തരംകാണെണ്ടതില്ലല്ല്ലോ എന്ന്

സമാധാനിച്ചു

ഇടവഴിയിൽ

രാത്രിഅഴിച്ചിട്ട ഇരുളിൻപനങ്കുല

ഇലക്ട്രിക് പോസ്റ്റിൽ

വിളക്കുവെയ്ക്കുന്നു യുവകന്യകകൾ

വോട്ട് തരില്ലേ എന്ന്

ചിരിയുടെ ചുണ്ണാമ്പ്

പല്ലും നഖവും മുടിയുമായി

ഒരു ടോർച്ച് വീട്ടിലെത്തുന്നു

അൻപതുശതമാനം കത്തിയ

അൻപതുശതമാനം പുകഞ്ഞ

ആ വിറകുകൊള്ളി എവിടെ?

ഒരു ബീഡികത്തിയ്ക്കാൻ

കുത്തുശീട്ട് ചിറകടിച്ച ഉമ്മറത്ത്

തഴപ്പായയിൽ ടപേന്ന് മലർന്ന് വീണു

ഒരു ശീട്ടുകെട്ട് രാജ

2 comments:

  1. രാത്രിഅഴിച്ചിട്ട ഇരുളിൻപനങ്കുല
    ഇലക്ട്രിക് പോസ്റ്റിൽ
    വിളക്കുവെയ്ക്കുന്നു യുവകന്യകകൾ
    -കൊള്ളാം അജിത്, ശീട്ടുകെട്ടഴിഞ്ഞു ചിതറും പോലെ മനുഷ്യൻ.

    ReplyDelete