Sunday, September 18, 2011

A Street Play as Seen by a Woman

The play begins

When the crowd of men

Forms a garland of bodies

Around it,

She can watch it

Only through the slit in the crowd,

And smell life

From the action of the actor

Who plays the drunkard.

She can hear roaring laughs,

And the cries of women

And make a play

Out of each hazy sight

And each stuttering dialogue

An absurd drama

Throbbing with life

Of hearsay

And slit-vision

With legs straining on false legs

And dresses hked up.

Indian Literature-July-August 2008, page 58

Original in Malayalam: Ajit

Translation : C.S.Venkiteswaran


Saturday, August 27, 2011

നാളെയാണ്..നാളെയാണ്..

എന്റെ ആദ്യ കവിതാ സമാഹാരത്തിന്റ .ലെഗ് ബിഫോർ വിക്കറ്റ്..പ്രകാശനമാണ്. ഡി.സി. ബുക്സിന്റെ വാർഷികദിനത്തിൽ തിരുവനന്തപുരത്ത് വെച്ച് ഓഗസ്റ്റ് 29ന് വൈകുന്നേരം 31/2 മണിക്ക്..സ്വാഗതം..

Thursday, July 21, 2011

അകലങ്ങളിൽ അഭയം

പറഞ്ഞിട്ടു കാര്യമില്ല,

നാട്ടിലേക്കുള്ള ബസ്സിൽക്കേറി

ലഗ്ഗേജ് മേലെവെച്ച്

വിൻഡോ സീറ്റിലിരുന്നതിനു ശേഷമേ

നീയെന്നെ ഓർക്കുന്നുള്ളു,

ഞാൻ നിനക്കെന്താണ്

പൈപ്പിനുമുന്നിൽ നിൽക്കുന്ന ക്യൂ?

തലനാരിഴയ്ക്കു ബസ്സിന്റെ ടയറിൽനിന്നും

രക്ഷപ്പെട്ട നായ?

പെട്ടെന്ന് തുറക്കുന്ന ഒരു കുട?

കരിവെള്ളമൊഴുകുന്ന അഴുക്കുചാലിലെ

ഫിൽറ്റെർതുണ്ടുള്ള സിഗറെറ്റ്?

നളെ നാളെ യെന്ന് കാറ്റിലിളകുന്ന

ലോട്ടറി ടിക്കറ്റ്?

ഏതു ഗോൾഗുമ്പസ്സിലൊളിച്ചലും ചന്ദ്രികേ

പാഞ്ഞുപോവുന്ന നിന്നിലേയ്ക്കാണ്

ഞാൻ പാഞ്ഞുവരുന്നത്

ഞാൻ പോലുമറിയാതെ

Wednesday, July 20, 2011

മുസിരിസ്

ചരിത്ര ഗവേഷകരേ..

മണ്ണടരുകൾമാന്തിയെടുക്കുമ്പോൾ കാണപ്പെട്ട

ഉടഞ്ഞുനുറുങ്ങിയ മൺപാത്രങ്ങൾ,

ചെരിഞ്ഞുകിടന്ന വിദേശനിർമ്മിത മധുചഷകം

എന്താണ് അനുമാനം?

അന്നുമുണ്ടായിരുന്നോ

കലമുടച്ച് ശൌര്യം തീർത്തവർ!

കുഴിച്ച്കുഴിച്ചുചെല്ലുമ്പോൾ മുസിരിസിൽ

ഒരു കിണർ പൊന്തിവരുന്നു

പെട്ടെന്നൊരുനാൾ മുതൽ

ആ കിണറിന്റെ കപ്പി

ക്രി.പി. എന്നാവുമോ കരഞ്ഞത്?

നോക്കൂ, ദ്രവിച്ചുപോവാത്ത ആ മരക്കുറ്റി

കമഴ്ന്നുകിടക്കുന്ന ആ മരത്തോണി

കാലത്തിന്റെ തോണി ഒന്ന് മറിച്ചിടുമോ?

അതിനുള്ളിൽ കാണുമോ

കെട്ടിപ്പിടിച്ചുകിടക്കുന്ന

രണ്ടെല്ലിൻ കൂടുകൾ?

ഏതായാലും ഒന്ന് ശ്രദ്ധിക്കുക..

കിട്ടാതിരിക്കില്ല ചില ഫോസിലുകൾ

പൊട്ടിയ ചിലമ്പ്

മണികെട്ടിയവാൾ

തലയറ്റകോഴി

ഏതെങ്കിലുമൊന്ന്

മണ്ണ് പൊള്ളയായ ഭാഗങ്ങൾ

മൂടാതെ വെക്കുക,

നാവിലൂടെപുറത്തെടുക്കാനായ്

തെറിച്ചു കിടക്കുന്ന പാട്ടുകളാവാം.!

Tuesday, July 19, 2011

വെള്ളിയാഴ്ച

പനഞ്ചോട്ടിൽ

പുതുകവിതയുടെ ബാക്കിപത്രം...

ഇരുപതുനഖങ്ങളിൽ കവിയില്ല

സെറ്റുപല്ലും

ഗൾഫ്ഗെയ്റ്റും...

Sunday, July 17, 2011

കടന്നൽ കുത്തുമ്പോൾ


ആദ്യരാത്രി

കിടപ്പുമുറിയുടെ വാതിൽ‌പ്പിടിയിൽ

ഒരു പെൺ വിരലിൽ കടന്നൽ കുത്തുമ്പോൾ

കതകു തുറക്കുന്നത്

വേദനയിലേക്കും നിലവിളിയിലേക്കും മാത്രമോ?

മുക്കുറ്റിയുണ്ടോ?

കൂവളത്തിലയുണ്ടോ?

തേനുണ്ടോ?

മഞ്ഞളുണ്ടോ?

തുളസിക്കതിരുണ്ടോ?

എവിടെപ്പോയ്-

കാറ്റ് വർത്തമാനം പറഞ്ഞിരുന്ന

മുക്കുറ്റി,

പ്രാർത്ഥിക്കുമ്പോൾ ചുണ്ടിൽ വീണ

കൂവളം,

വടക്കൻപാട്ടരിഞ്ഞിട്ട

ദേഹകാന്തി,

മുടിയേറിപടിയിറങ്ങാറുള്ള

വിശുദ്ധി?

ടോർച്ച് വെട്ടത്തിന്റെ ചിരട്ടകൊണ്ട്

ഈ ഇരുട്ടു മുഴുവൻ വറ്റുമോ?

അർദ്ധരാത്രി

അടയ്ക്കാൻ തുടങ്ങും മുറുക്കാൻ കടയിൽ

അഴിഞ്ഞുലഞ്ഞമുടിയുമായൊരുവൾ

“ചുണ്ണാമ്പുണ്ടോ”

എന്ന് ചോദിക്കുമ്പോൾ,

പറ്റുപുസ്തകം

ഐതിഹ്യമാലയാകുമ്പോൾ

മലയാളത്തിൽമരിച്ചുപോയവാക്കുകളും

മണ്ണടിഞ്ഞ ഐതിഹ്യങ്ങളും

പുനർജ്ജനിക്കുമ്പോൾ..

അതിന്നായ്

കടന്നൽ ചാവേറാവുമ്പോൾ..

Saturday, July 16, 2011

ഉറുമി

ആ‍ദ്യത്തെ ബെൽറ്റ്ബോംബ്

പൊട്ടിത്തെറിച്ചത് നാവുകൊണ്ടായിരുന്നു..

അന്ന് അല്ലിമലർക്കാവിൽ പൂരമായിരുന്നു...