Sunday, October 17, 2010

ശീട്ട്കെട്ട് രാജ

“ഇന്നത്തേയ്ക്ക് ഇതുമതി..നാളെയും വേണ്ടേ?”

ഷാപ്പിന്റെ നടയിൽനിന്നു തള്ളപ്പെട്ട്

പതിവുപോലെ സ്വന്തംഭാരവും പേറി

റോഡ് വക്കിലെ പൊന്തക്കാട്ടിൽ

മൂത്രമൊഴിക്കുമ്പോൾ

“ന്റമ്മോ”

മുമ്പിലെ മതിലിൽ പെങ്ങടെ മോൾ!

“ഇവളെന്താ ഇവിടെ ഈ നേരത്ത്”

ആലോചിച്ചു പിടികിട്ടിയില്ല

എല്ലാകാര്യങ്ങൾക്കും ഒരുരാത്രികൊണ്ടുതന്നെ

ഉത്തരംകാണെണ്ടതില്ലല്ല്ലോ എന്ന്

സമാധാനിച്ചു

ഇടവഴിയിൽ

രാത്രിഅഴിച്ചിട്ട ഇരുളിൻപനങ്കുല

ഇലക്ട്രിക് പോസ്റ്റിൽ

വിളക്കുവെയ്ക്കുന്നു യുവകന്യകകൾ

വോട്ട് തരില്ലേ എന്ന്

ചിരിയുടെ ചുണ്ണാമ്പ്

പല്ലും നഖവും മുടിയുമായി

ഒരു ടോർച്ച് വീട്ടിലെത്തുന്നു

അൻപതുശതമാനം കത്തിയ

അൻപതുശതമാനം പുകഞ്ഞ

ആ വിറകുകൊള്ളി എവിടെ?

ഒരു ബീഡികത്തിയ്ക്കാൻ

കുത്തുശീട്ട് ചിറകടിച്ച ഉമ്മറത്ത്

തഴപ്പായയിൽ ടപേന്ന് മലർന്ന് വീണു

ഒരു ശീട്ടുകെട്ട് രാജ

Thursday, September 2, 2010

കരിങ്കല്ലൂരിലെ സ്ത്രീ


അവൾ ബസ് കാത്തുനിൽക്കുന്നു

റോഡരികിലെ പുറമ്പോക്കിൽ

കൽ‌പ്പണിക്കാർ കൊത്തുന്നു

അമ്മി,കുട്ടി

തൊട്ടിൽ,കരച്ചിൽ.

രൂപം മാറാൻ കല്ലുകൾ

നിരനിരയായി കിടക്കുന്നു

കൽ‌പ്പണിക്കാർ കൊത്തിക്കെണ്ടേയിരിക്കുന്നു

ഒരു ചെറുപ്പക്കാരൻ

പെണ്ണുടൽ കൊത്തുന്നു

അവൾ ബസ് കാത്തുനിൽക്കുന്നു

ഒരുകല്ല് അരകല്ലാവാൻ

കാത്തുനിൽക്കുന്നു

Friday, August 13, 2010

അമരത്തം

അത്തത്തിനത്തും പുത്തും

കർക്കിടകത്തിൽ കേറിവന്നിരിക്കുന്നു

സ്മൃതിനാശമോ,

കാലാവസ്ഥാ വ്യതിയാനമോ?

പ്രായമേറെ ആയതല്ലേ

ഏതായാലും വന്നതല്ലേ

വന്നകാലിൽ നിൽക്കാതെ

പൂക്കളത്തിലിരുന്നാട്ടെ

ഈ അമർചിത്രകഥ

ആഘോഷിക്കുകതന്നെ

Thursday, July 29, 2010

എതിർപ്രാണികൾ

ഓഫീസിൽ കുറെ പട്ടാമ്പിക്കാരികൾ

ജയ, അന്നപൂർണ്ണ,രേവതി

വെളഞ്ഞവിത്തുകൾ

Tuesday, July 27, 2010

നീലസാഗരം

ധ്വനിപ്രിയ കവിതാസമിതിയിൽ ചർച്ച,

ഇന്നത്തെ കവിത: മറപ്പുര

മറപ്പുര വളച്ചുകെട്ടിയ ഒരു വാക്കാണെന്നും

എന്തുവേണമെങ്കിലും

അതിനുള്ളിൽ സംഭവിക്കാമെന്നും

ഒറ്റവാക്കിൽ ഒരു കവിതയെന്നും കവി

സ്ത്രീകളുടെതാണെങ്കിൽ

അതിന് വേറൊരു മാനം എന്നൊരാൾ

പൂവിതളായ്

തലയിൽ തകർന്നുവീഴുന്നത് എന്ന് വേറൊരാൾ

മിഴികൾക്കുത്സവമേകാൻ

ഒളികണ്ണന്മാർ തിരനോക്കുമ്പോഴാണ്

സാധാരണ സാഗർ

നീലസാഗർ ആവുന്നതെന്ന് ഉള്ളിലൊരാൾ

Monday, July 26, 2010

ദോശ

കുറച്ചുകാലം കഴിഞ്ഞ്

“കുഞ്ഞനെ തെള്മ്പത്ത് കെടത്തറ്”

എന്ന് കേൾക്കുമ്പോൾ

ഭാഷ ഇത്തിരിപ്പുളിച്ചുവോ എന്ന് തോന്നാം

‘ശ്...’ എന്ന് ആയിരം കണ്ണുമായ്

നാക്കിൽ വീഴാൻ

എരിഞ്ഞുമൊരിഞ്ഞ്..

അടുപ്പിന്നരികിൽ തീകായുന്ന കുട്ടിയ്ക്കായ്

ദോശക്കല്ലിന്റെ കാതിലും വിരിഞ്ഞ്..

Thursday, July 22, 2010

മാരീചൻ

എല്ലാ കർക്കിടകത്തിലും വിചാരിക്കും

രാമായണം വായിക്കണം

ഡിമൈ 1/8 സൈസിൽ ഡീലക്സ് ബണ്ടിൽ

വായന അകന്നകന്ന് പോവും

ഒടുവിൽ വഴിയരികിൽ

സ്വർണ്ണ നിറത്തിലൊരു മാനിനെ കാണും

പൂക്കൾ പറയും-ചിങ്ങമാസം