Thursday, January 9, 2014

കണ്ണാടിപ്രതിഷ്ഠ



നല്ല ചൂടുവെള്ളത്തിൽ കുളിച്ചതും
കുളിമുറിയിലെകണ്ണാടിയിൽനിന്നും
ഞാനില്ലാതായി
ഉണ്ടെന്നറിയിക്കാൻ ഒരുപാട്ടുപാടിനോക്കി
രണ്ടുവരി..
ശാരീരം മുറിമുഴുവൻ നിറഞ്ഞു
കണ്ണാടിയിൽ കൈവിരൽത്തുമ്പുകൊണ്ട്
ആ പേര് എഴുതിനിറച്ചു
എഴുതിയെഴുതിത്തെളിഞ്ഞു
മടമ്പിനടിയിൽ മണ്ണിൽ
ചെമ്പുകാശുതെളിഞ്ഞപോലെ
എന്നെക്കണ്ടു
അത്ഭുതമെന്നേ പറയേണ്ടു,
നെറ്റിയിൽ പുരികങ്ങൾക്കിടയിൽ
ഒരു ചുവന്നപൊട്ട്
കുളിമുറിയിൽ എല്ലാ മനുഷ്യരും സ്ത്രീകളാകുന്നുവോ?
41Like ·  · P

Tuesday, February 12, 2013

പ്രകാശം പരത്തുന്ന മരക്കൊമ്പ്


ചില കൊമ്പുകളങ്ങിനെയാണ്
ഭൂമിക്കുസമാന്തരമായി അങ്ങിനെ വളരും
എന്നെയൊന്ന് ഊഞ്ഞാലുകെട്ടിച്ചയക്കൂ
എന്ന് പറമ്പ് മുഴുവൻ നിറയും
കാറ്റിലെത്ര ഉലഞ്ഞാലും
ഊഞ്ഞാലിന്റെ ചിന്തയിൽ വീണ്ടും വളരും
അതുകൊണ്ടാവാം
നിലാവ് നിഴലിൽ പൂവെക്കുന്ന രാത്രിയിൽ
നക്ഷത്രങ്ങളായ് മാറിപ്പോയ
വളപ്പൊട്ടുകളെ ഓർത്തുപോയത്
ഊഞ്ഞാൽകെട്ടുന്ന മാത്രയിൽ
ആരും കയറുന്നതിനു മുൻപാടുന്ന
കാറ്റിനെ ഓർത്തത്
വെള്ളം തെറിപ്പിക്കുന്നപോലെ
പെൺകുട്ടികൾ ചിരിക്കുന്നത്
അന്നത്തെപ്പോലെ ഇന്ന് കേട്ടത്
കരിയിലകൾ ഇരുട്ട്കുടിച്ച് ജീവൻ വെച്ചത്
കെട്ടകൈത്തിരിമണത്തത്
കാണാക്കൊമ്പത്തെ ഇലകളിൽ
പേടിയോടെ ഉമ്മവെച്ചത്
പാതിപാടിയ പട്ടിൻ വരിപോൽ
മുളങ്കൂട്ടം നിന്നത്
പാമ്പൂരിയിട്ട ഉറപോലെ
പകലിഴഞ്ഞെത്തിയത്
മരക്കൊമ്പേ മരക്കൊമ്പേ .
അകക്കാമ്പിൽ തിരിയിട്ട മരക്കൊമ്പേ..
എന്നെഊഞ്ഞാലാക്കാൻ കൊണ്ടുവന്ന
കയറിതാ ..ഉഞ്ഞാലാക്കൂ
പഴയപോലെ ആദ്യം കാറ്റിന്,
പിന്നെ പാട്ടിന്,
പ്രണയത്തിന്.

Wednesday, May 9, 2012

ഹൊസൂർ



പകൽ ശ്രുതിയിലൊന്ന്
രാത്രിയിലൊന്ന്
പാതിരാത്രിയിൽ വേറൊന്ന്
അങ്ങിനെയാണ് ഹൊസൂർ
വിചിത്രമായ  ഒരു സംഗീതോപകരണം

മൂന്നാം നിലയിലേക്ക് പടികയറിവരുന്ന ഇരുട്ട്
തുറന്നിട്ട വാതിലിൽ മുട്ടുന്ന വരണ്ട കാറ്റ്
മരിക്കൊളുന്ത് വാസന
കരച്ചിൽ,പിഴിച്ചിൽ
ഉച്ചത്തിൽ മുഴങ്ങുന്ന ഭീഷണി
ഇനി എവിടെയാണ് ഉമ്മ വെക്കാൻ ബാക്കി?
താഴെനിന്നും ലംബമായ് ശബ്ദം:
അങ്കെ എന്ന നടക്കറുത്?
റിഹേഴ്സൽ
ഡ്രാമാവാ?
ആമാം
അന്നേരം ഹൊസൂർ
ചുണ്ട് ചുണ്ടോട്  ചേർന്നതിനാൽ ശബ്ദിക്കാത്ത
വിചിത്രമായ സംഗീതോപകരണം

നേർത്തമഞ്ഞുമലയിൽ
റാന്തലുമായ്
ഷണ്ടിംഗ് അസിസ്റ്റന്റ്
വെളിച്ചത്തിനോടൊപ്പം കൊളുത്തിയ ഹുക്ക്
അസ്ഥികൾ കുടയുന്ന ഞരക്കം
അപ്പോൾ ഹൊസൂർ
വെളിച്ചത്തിൻ  പൊട്ടുതൊട്ട്
നഗരത്തിൽ പുലരും മുൻപെ എത്തിച്ചേരാൻ
ഉരുണ്ടുരുണ്ടുപോകുന്ന
നീളൻ സംഗീതോപകരണം

ഹൊസൂർ
അടഞ്ഞ ഓർമ്മകൾ കൊണ്ട് തീർത്ത ഒറ്റ മുറി
പെട്ടിയിൽ വെച്ചടച്ചാലുടൻ ശ്രുതിയുണരുന്ന
വിചിത്രമായ സംഗീതോപകരണം

Saturday, April 7, 2012

മതിൽ പ്പച്ച


അമ്പലക്കുളത്തിൽ മുങ്ങി
തമ്പുരാട്ടികൾ പോകവെ
തീണ്ടാപ്പാടകലം തീർക്കാൻ
നീങ്ങിനേൻ മതിലോരമായ്

അപ്പോഴെൻ വിരലിൽ തൊട്ടു
വെള്ളത്തണ്ടിൻ തണു
പച്ചപ്പന്നൽ വിടർത്തി
പുരാതനമാം മണം


മാറിപ്പോയ് എന്റെയുടൽ

മതിൽപറ്റിപ്പച്ചയായ്

മറഞ്ഞിരുന്നു അതിലെന്റെ
മനമൊരു പുൽ ച്ചാടിയായ്


അക്കൊല്ലം തീർത്തൂ ഞാനും

ഓണത്തിനുപൂക്കളം

അതിൽ വിടർന്നൊരു കേരളം

നിറഞ്ഞുമതിൽ പ്പച്ചയാൽ

എവിടെപ്പോയ് പൂക്കളൊക്കെ?

മൂത്തവർവന്ന് ചോദിച്ചു

മൂന്നാമത്തെ അടിയാണെന്നെ

അന്ന് വീഴ്ത്തിയതോർക്കുന്നു

ഇന്നുമെന്റെ മനസ്സിന്റെ
മുറ്റത്തുണ്ടൊരുപൂക്കളം
അതിലുണ്ടൊരു കേരളം
മതിൽ പ്പച്ചക്കേരളം

തെളിവെടുപ്പ്

തെളിവെടുപ്പിനായ്
അതി രാവിലെ പുറപ്പെട്ടു

ഇപ്പോൾ അടിവാരത്തെത്തി
ഒരു പച്ചക്കറി വാൻ താഴേക്കിറങ്ങി വരുന്നു
ഇഞ്ചി
മരിച്ചുപോയവരുടെ വിറങ്ങലിച്ച കൈവിരലുകളാണോ?
യാത്ര തുടരുന്നു
മേലേ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു
ഒൻപത് വളവുകൾ !

Monday, March 12, 2012

സഹസ്രനാമൻ
ദാ…. കേട്ടില്ലേ..വിളിക്കുന്നത്?
ഹലോ..നിങ്ങളെത്തന്നെയാണ്!
ഇത്തവണ നിങ്ങളുടെ ജന്മമെന്തായിരിക്കും?
മേശവലിപ്പിൽ നിന്നുംമീശവിറപ്പിക്കുന്ന കൂറ?
ചുമരിലിഴയുന്ന എട്ടുകാലി?
വാതില്പാളിക്കിടയിൽ ആത്മഹത്യ ചെയ്ത പല്ലി?
എന്തൊക്കെപ്പേരുകൾകൊണ്ടാൺ
ഒരാളുടെ ചാക്കുനിറയ്ക്കുന്നത്?
ഇത്രയധികം ക്ഷുദ്രജീവികളെ
ഒറ്റപ്പേരിലിവളെന്നുമുതൽ വിളിക്കാൻ തുടങ്ങി?
ഒറ്റരാത്രികൊണ്ട് ആയിരം പേരുകളുടെ
ബീജാവാപം ചെയ്തിരിക്കുന്നുവെന്നോ?
മനസ്സിൽ ഒരു ക്ഷുദ്രജീവി
ചുണ്ടിൽ നിങ്ങളുടെപേർ!
ദാ വീണ്ടും വിളി..
വരുന്നൂ
എന്ന് പറയൂ..
എടുക്കു ചൂൽ മുതൽ ആയുധങ്ങൾ
ഇന്നിനിആർ ആരെകൊന്നു എന്നു പറയാം?

Tuesday, December 6, 2011

ഫോട്ടോ ഫിനിഷ്



മുൾവേലികൾ അതിരിടുന്ന ഇടവഴിയിലൂടെ

നിങ്ങൾ സൈക്കിൾ ചവിട്ടി വരുന്നത്,

ബൈക്കിൽ വരുന്നത്,

ഇരുചക്രത്തിൽതന്നെ നാലുകാലിൽ

വളഞ്ഞുപുളഞ്ഞുവരുന്നത്

എല്ലാം ഒരേസമയത്ത് തന്നെ എടുത്തുവെക്കുന്നുണ്ട്

വിറയ്ക്കുന്നചുണ്ടുകളുമായ്

ഒരു കുട്ടി മൈക്കിനുമുന്നിൽനില്ക്കുന്നത്

കോളേജ് കുമാരനായ്, ടിപ്പനായ്, വോട്ട് തേടുന്നത്

പാടുന്നത്.എല്ലാം

ചെറിയചെറിയ വ്യത്യാസങ്ങൾ വെച്ച്

ചില ചില മിനുക്കുപണികൾമാത്രം ചെയ്ത്

എടുത്തുവെക്കുന്നുണ്ട്

അവളെ നോക്കുമ്പോൾ

കൺപോളകൾ ഉയർത്താൻ ശ്രമിച്ച്

വീണ്ടും ശ്രമിച്ച്

ഭാരോദ്വഹകനെപ്പോലെ

പകുതിയിൽ ഇട്ടിട്ടുപോവുന്നത്..

സ്വന്തം ഗ്രാമത്തിലേക്ക്

വീണ്ടുംവരാൻ പറ്റാത്തതുകൊണ്ട്-

തറവാടിന്റെ കഴുക്കോലും വളകളും അഴിച്ചെടുക്കുന്നത്

മണ്ണെണ്ണവിളക്കിന്റെ ചില്ലുകുഴൽ അഴിച്ചൂരി

പൊട്ടാതിരിക്കാൻ കൊച്ചുകുട്ടിയെപ്പോലെകിടത്തുന്നത്

അതിന്റെ വർത്തുളതയിൽ

മരങ്ങളും ആകാശവും ഇളകിയാടുന്നത്

ഭസ്മക്കൊട്ടയിലെബാക്കി

പഴയപത്രത്താളിലിടുന്നത്

എല്ലാം മുൻ കൂട്ടി എടുത്തുവെക്കുന്നുണ്ട്

ജഗതിപ്പുറത്ത് ഭൂപടങ്ങൾ തെളിയുന്ന

ഹവായ് ചപ്പലിന്റെ ഷോട്ടിൽ

നിങ്ങൾ നടന്നുതീർക്കേണ്ടദൂരം,

കടന്നുപോകേണ്ട കടൽനീലകൾ

എല്ലാം ഭംഗിയായ് പറയുന്നുണ്ട്

നനഞ്ഞഭസ്മക്കുറിവിളറുമ്പോൽ

തെളിയുന്നകിഴക്കും

ഉണങ്ങുന്ന കൽ‌പ്പടവുകളും

കുളത്തിന്റെ നീല ശാന്തതയിൽ

കിളികളുടെ നിഴൽ പറന്നു നടക്കുന്നതും എടുത്ത്

നിങ്ങൾ കിടന്ന് ഇൻലാൻഡ് വായിക്കുന്നതുമായി

സംയോജിപ്പിക്കുന്നുണ്ട്

അർദ്ധരാത്രി

ലോഡ്ജ് മുറിയുടെ റോഡിലേക്ക് തുറക്കുന്ന ജനൽ

വെളിച്ചത്തോടൊപ്പം തുറന്ന്

നിങ്ങൾ ഒരുസിഗററ്റ് കൊളുത്തന്നത്

നമ്പറിട്ടുവെച്ചിട്ടുണ്ട്

ഏതു ഗ്രൂപ്പ് ഫോട്ടോയിലും

ആദ്യം നിങ്ങളെത്തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ

ഈ എടുപ്പുകാരനെ ഒരിക്കൽ തിരയുന്നുണ്ട്

അയാൾ അപ്പോൾ

മുൾവേലികൾ അതിരിടുന്ന ഇടവഴിയിലെ

സൈക്കിളിന്റെ,ബൈക്കിന്റെ ചക്രപ്പാടുകൾ മായ്ക്കാൻ

കലാസംവിധായകന് നിർദ്ദേശംനൽകുകയാണ്

നിങ്ങൾ നോക്കുമ്പോഴേക്കും

ഇലച്ചാർത്തിൽ മറഞ്ഞുപോകുന്നുമുണ്ട്

ഇതാ..ഇപ്പോൾ കറുത്തതുണികൊണ്ടു തലമൂടിയ

ആ പടം പിടിപ്പുകാരൻ നിങ്ങളോട് പറയുന്നു:

ചിരിക്കൂ