എടവപ്പാതിത്തലേന്ന് സന്ധ്യയ്ക്ക്
നീലമേഘത്തെ ചുരുട്ടിയ കുഴലുമായ്
മരപ്പാലത്തിലൂടെ പുഴ കടക്കുന്നു
തണുത്തകാറ്റുവന്നൂതുമ്പോൾ
ചുരുളഴിയുന്നു കുഴൽ
കൈവിരിച്ച് നിവരുന്നു
തപസ്സിനായെത്തുന്നവന്റെ ചിത്രം
എത്താനുണ്ട്
അലമുറയിട്ട് കരയുന്ന വാഴകൾ
കുഞ്ചന്റെ കൊട്ടത്തേങ്ങകൾ
കദളിപ്പഴങ്ങൾ
മുങ്ങിപ്പോവാനുണ്ട്
പുസ്തകക്കെട്ടിനുമേലേതിരനോക്കി
അക്കരപ്പച്ചയിലടുപ്പിച്ചപ്രേമം,
ഒരക്കോലേന്തിയ കടവുകാർവർണ്ണന്റെ
ഇപ്പോൾ കിട്ടിയ വാർത്തകൾ
കുടുങ്ങാനുണ്ട്
അഴിമുഖത്തിന്റെ കടിവായിലേയ്ക്ക് പുളയുന്ന
ഒരു തടിയൻ മലമ്പാമ്പ്
വേനലിന്റെ യാത്രകൾ പാടുന്ന പുല്ലുകൾ
മീനുകളാവാൻ വാലാട്ടി നിൽക്കുന്നു
കരാറുകാരൻ
ആണികളോരോന്നായ് പിഴുതെടുക്കുന്നു
കാലുകൾക്ക് പിന്നിൽ
“കറ” “കറ” കരയുന്ന
പാലമിപ്പോൾ
കാൽ പദങ്ങളൂന്നുന്ന
പഴയ ഹാർമോണിയം