ചില
കൊമ്പുകളങ്ങിനെയാണ്
ഭൂമിക്കുസമാന്തരമായി അങ്ങിനെ
വളരും
എന്നെയൊന്ന്
ഊഞ്ഞാലുകെട്ടിച്ചയക്കൂ
എന്ന്
പറമ്പ് മുഴുവൻ നിറയും
കാറ്റിലെത്ര
ഉലഞ്ഞാലും
ഊഞ്ഞാലിന്റെ
ചിന്തയിൽ വീണ്ടും വളരും
അതുകൊണ്ടാവാം
നിലാവ്
നിഴലിൽ പൂവെക്കുന്ന ഈ രാത്രിയിൽ
നക്ഷത്രങ്ങളായ് മാറിപ്പോയ
വളപ്പൊട്ടുകളെ ഓർത്തുപോയത്
ഊഞ്ഞാൽകെട്ടുന്ന മാത്രയിൽ
ആരും
കയറുന്നതിനു മുൻപാടുന്ന
കാറ്റിനെ
ഓർത്തത്
വെള്ളം
തെറിപ്പിക്കുന്നപോലെ
പെൺകുട്ടികൾ
ചിരിക്കുന്നത്
അന്നത്തെപ്പോലെ ഇന്ന്
കേട്ടത്
കരിയിലകൾ
ഇരുട്ട്കുടിച്ച് ജീവൻ വെച്ചത്
കെട്ടകൈത്തിരിമണത്തത്
കാണാക്കൊമ്പത്തെ ഇലകളിൽ
പേടിയോടെ
ഉമ്മവെച്ചത്
പാതിപാടിയ
പട്ടിൻ വരിപോൽ
മുളങ്കൂട്ടം
നിന്നത്
പാമ്പൂരിയിട്ട ഉറപോലെ
പകലിഴഞ്ഞെത്തിയത്
മരക്കൊമ്പേ
മരക്കൊമ്പേ ….
അകക്കാമ്പിൽ
തിരിയിട്ട മരക്കൊമ്പേ..
എന്നെഊഞ്ഞാലാക്കാൻ കൊണ്ടുവന്ന
കയറിതാ ..ഉഞ്ഞാലാക്കൂ
പഴയപോലെ
ആദ്യം കാറ്റിന്,
പിന്നെ
പാട്ടിന്,
പ്രണയത്തിന്.