Monday, February 17, 2014

കരടി



പൂമധുനുകരുവാൻ പോയവരധികവും
റാണിയീച്ചയെത്തേടി തിരികെയെത്തുന്നില്ല
മധുരം നിറയേണ്ടോരറയിൽ നിറയുന്നു
വരണ്ടകാറ്റ്, വെയിൽ കിനിയും നിനവുകൾ
എങ്ങനെ വഴിതെറ്റി?
മൊബൈൽ ഫോൺ കണ്ടെത്തട്ടെ
ടാവറേതാണെന്നത് പറയാതിരിക്കില്ല
ടവറിൻ കിരണങ്ങൾ നടത്തും അവറ്റയെ
അറിയാതലഞ്ഞിടും വഴിയിൽ മരങ്ങളിൽ
കൊമ്പറ്റ് ചിറകറ്റ് പുൽകളിലിലകളിൽ
മൃതരായ് വീണടിയും അമൃതം നുണഞ്ഞവർ!
ആണിനും പെണ്ണിനുമിടയിൽ കിടക്കുന്നു

പുതപ്പും മൂടി മത്തൻ, തേൻ കള്ളൻ കരടി നീ.

Thursday, January 9, 2014

വാഹനം

വിഷ്ണുവിന്റെ വാഹനം ഗരുഡൻ
ശിവന് കാള
ഗണപതിക്ക് എലി
മുരുഗനോ മയിൽ
മലയാളിയുടെ വാഹനം അപകടം

കണ്ണാടിപ്രതിഷ്ഠ



നല്ല ചൂടുവെള്ളത്തിൽ കുളിച്ചതും
കുളിമുറിയിലെകണ്ണാടിയിൽനിന്നും
ഞാനില്ലാതായി
ഉണ്ടെന്നറിയിക്കാൻ ഒരുപാട്ടുപാടിനോക്കി
രണ്ടുവരി..
ശാരീരം മുറിമുഴുവൻ നിറഞ്ഞു
കണ്ണാടിയിൽ കൈവിരൽത്തുമ്പുകൊണ്ട്
ആ പേര് എഴുതിനിറച്ചു
എഴുതിയെഴുതിത്തെളിഞ്ഞു
മടമ്പിനടിയിൽ മണ്ണിൽ
ചെമ്പുകാശുതെളിഞ്ഞപോലെ
എന്നെക്കണ്ടു
അത്ഭുതമെന്നേ പറയേണ്ടു,
നെറ്റിയിൽ പുരികങ്ങൾക്കിടയിൽ
ഒരു ചുവന്നപൊട്ട്
കുളിമുറിയിൽ എല്ലാ മനുഷ്യരും സ്ത്രീകളാകുന്നുവോ?
41Like ·  · P

Tuesday, February 12, 2013

പ്രകാശം പരത്തുന്ന മരക്കൊമ്പ്


ചില കൊമ്പുകളങ്ങിനെയാണ്
ഭൂമിക്കുസമാന്തരമായി അങ്ങിനെ വളരും
എന്നെയൊന്ന് ഊഞ്ഞാലുകെട്ടിച്ചയക്കൂ
എന്ന് പറമ്പ് മുഴുവൻ നിറയും
കാറ്റിലെത്ര ഉലഞ്ഞാലും
ഊഞ്ഞാലിന്റെ ചിന്തയിൽ വീണ്ടും വളരും
അതുകൊണ്ടാവാം
നിലാവ് നിഴലിൽ പൂവെക്കുന്ന രാത്രിയിൽ
നക്ഷത്രങ്ങളായ് മാറിപ്പോയ
വളപ്പൊട്ടുകളെ ഓർത്തുപോയത്
ഊഞ്ഞാൽകെട്ടുന്ന മാത്രയിൽ
ആരും കയറുന്നതിനു മുൻപാടുന്ന
കാറ്റിനെ ഓർത്തത്
വെള്ളം തെറിപ്പിക്കുന്നപോലെ
പെൺകുട്ടികൾ ചിരിക്കുന്നത്
അന്നത്തെപ്പോലെ ഇന്ന് കേട്ടത്
കരിയിലകൾ ഇരുട്ട്കുടിച്ച് ജീവൻ വെച്ചത്
കെട്ടകൈത്തിരിമണത്തത്
കാണാക്കൊമ്പത്തെ ഇലകളിൽ
പേടിയോടെ ഉമ്മവെച്ചത്
പാതിപാടിയ പട്ടിൻ വരിപോൽ
മുളങ്കൂട്ടം നിന്നത്
പാമ്പൂരിയിട്ട ഉറപോലെ
പകലിഴഞ്ഞെത്തിയത്
മരക്കൊമ്പേ മരക്കൊമ്പേ .
അകക്കാമ്പിൽ തിരിയിട്ട മരക്കൊമ്പേ..
എന്നെഊഞ്ഞാലാക്കാൻ കൊണ്ടുവന്ന
കയറിതാ ..ഉഞ്ഞാലാക്കൂ
പഴയപോലെ ആദ്യം കാറ്റിന്,
പിന്നെ പാട്ടിന്,
പ്രണയത്തിന്.

Wednesday, May 9, 2012

ഹൊസൂർ



പകൽ ശ്രുതിയിലൊന്ന്
രാത്രിയിലൊന്ന്
പാതിരാത്രിയിൽ വേറൊന്ന്
അങ്ങിനെയാണ് ഹൊസൂർ
വിചിത്രമായ  ഒരു സംഗീതോപകരണം

മൂന്നാം നിലയിലേക്ക് പടികയറിവരുന്ന ഇരുട്ട്
തുറന്നിട്ട വാതിലിൽ മുട്ടുന്ന വരണ്ട കാറ്റ്
മരിക്കൊളുന്ത് വാസന
കരച്ചിൽ,പിഴിച്ചിൽ
ഉച്ചത്തിൽ മുഴങ്ങുന്ന ഭീഷണി
ഇനി എവിടെയാണ് ഉമ്മ വെക്കാൻ ബാക്കി?
താഴെനിന്നും ലംബമായ് ശബ്ദം:
അങ്കെ എന്ന നടക്കറുത്?
റിഹേഴ്സൽ
ഡ്രാമാവാ?
ആമാം
അന്നേരം ഹൊസൂർ
ചുണ്ട് ചുണ്ടോട്  ചേർന്നതിനാൽ ശബ്ദിക്കാത്ത
വിചിത്രമായ സംഗീതോപകരണം

നേർത്തമഞ്ഞുമലയിൽ
റാന്തലുമായ്
ഷണ്ടിംഗ് അസിസ്റ്റന്റ്
വെളിച്ചത്തിനോടൊപ്പം കൊളുത്തിയ ഹുക്ക്
അസ്ഥികൾ കുടയുന്ന ഞരക്കം
അപ്പോൾ ഹൊസൂർ
വെളിച്ചത്തിൻ  പൊട്ടുതൊട്ട്
നഗരത്തിൽ പുലരും മുൻപെ എത്തിച്ചേരാൻ
ഉരുണ്ടുരുണ്ടുപോകുന്ന
നീളൻ സംഗീതോപകരണം

ഹൊസൂർ
അടഞ്ഞ ഓർമ്മകൾ കൊണ്ട് തീർത്ത ഒറ്റ മുറി
പെട്ടിയിൽ വെച്ചടച്ചാലുടൻ ശ്രുതിയുണരുന്ന
വിചിത്രമായ സംഗീതോപകരണം

Saturday, April 7, 2012

മതിൽ പ്പച്ച


അമ്പലക്കുളത്തിൽ മുങ്ങി
തമ്പുരാട്ടികൾ പോകവെ
തീണ്ടാപ്പാടകലം തീർക്കാൻ
നീങ്ങിനേൻ മതിലോരമായ്

അപ്പോഴെൻ വിരലിൽ തൊട്ടു
വെള്ളത്തണ്ടിൻ തണു
പച്ചപ്പന്നൽ വിടർത്തി
പുരാതനമാം മണം


മാറിപ്പോയ് എന്റെയുടൽ

മതിൽപറ്റിപ്പച്ചയായ്

മറഞ്ഞിരുന്നു അതിലെന്റെ
മനമൊരു പുൽ ച്ചാടിയായ്


അക്കൊല്ലം തീർത്തൂ ഞാനും

ഓണത്തിനുപൂക്കളം

അതിൽ വിടർന്നൊരു കേരളം

നിറഞ്ഞുമതിൽ പ്പച്ചയാൽ

എവിടെപ്പോയ് പൂക്കളൊക്കെ?

മൂത്തവർവന്ന് ചോദിച്ചു

മൂന്നാമത്തെ അടിയാണെന്നെ

അന്ന് വീഴ്ത്തിയതോർക്കുന്നു

ഇന്നുമെന്റെ മനസ്സിന്റെ
മുറ്റത്തുണ്ടൊരുപൂക്കളം
അതിലുണ്ടൊരു കേരളം
മതിൽ പ്പച്ചക്കേരളം

തെളിവെടുപ്പ്

തെളിവെടുപ്പിനായ്
അതി രാവിലെ പുറപ്പെട്ടു

ഇപ്പോൾ അടിവാരത്തെത്തി
ഒരു പച്ചക്കറി വാൻ താഴേക്കിറങ്ങി വരുന്നു
ഇഞ്ചി
മരിച്ചുപോയവരുടെ വിറങ്ങലിച്ച കൈവിരലുകളാണോ?
യാത്ര തുടരുന്നു
മേലേ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നു
ഒൻപത് വളവുകൾ !