Thursday, January 9, 2014

മറവി ബാധിച്ചവർക്ക് ഒരു സർവ്വനാമം



മറവിക്കാർ എപ്പോഴും എന്തെങ്കിലും
തെരഞ്ഞുതെരഞ്ഞുകൊണ്ടിരിക്കുന്നു-
പച്ചക്കറിയുടെ ലിസ്റ്റ്
ആധാർ കർഡ്
ഭൂനികുതിയുടെ രശീത്
മൂക്കിലിരിക്കുന്ന കണ്ണട.
എത്ര നേരം വേണമെങ്കിലും തെരയും
എന്തൊരുക്ഷമ!
ആരെങ്കിലും കണ്ടാലോ എന്ന് മാത്രം അക്ഷമ!!
അതുകൊണ്ട് അവരെ പൊതുവെ ക്ഷമ എന്ന് വിളിക്കാം
തോട്ടം നനയ്ക്കുന്ന പ്ലാസ്റ്റിക് ഹോസ് പോലെ
കുന്തത്തെ അവർ കുടത്തിൽ ഒളിപ്പിക്കുന്നു
എത് കുടത്തിലായിരുന്നു ഭൂതം എന്ന്
പലമൂടികളിൽ കൈവെക്കുന്നു
മറന്ന് പോയതെല്ലാം പറഞ്ഞുതരുന്ന
ആ ഭൂതത്തിലാണല്ലോ ഭാവി,
അതിനെക്കുറിച്ചുതന്നെയാണല്ലോ വർത്തമാനം!
പറഞ്ഞ് പറഞ്ഞ് വരുമ്പോൾ
ക്ഷമ എന്ന് ഭൂമിക്കും പേര്
അത് തിരിഞ്ഞ് കൊണ്ട്
ഒരു ദിവസമുണ്ടാക്കുന്നു;
അവർ തെരഞ്ഞ് തെരഞ്ഞ്

ആ ദിവസം തീർക്കുന്നു.

1 comment:

  1. വല്ലാത്ത മറവി
    ഞാന്‍ എവിടെയാ വായിച്ച് നിര്‍ത്തീത്

    ReplyDelete