Thursday, June 30, 2011

കണ്ടവരുണ്ടോ?


സിനിമാക്കൊട്ടക വീർപ്പടക്കി നിൽക്കേ
ഷീല പറഞ്ഞു:
ഒരു ദുർബല നിമിഷത്തിൽ…

കഴുത്തിലൊരു കുഴിതെളിയിച്ച്
ശാരദ വിറച്ചു
ഒരു ദുർബല നിമിഷത്തിൽ…

ജയഭാരതി മുഖം കുനിച്ചു കരഞ്ഞു
ഒരു ദുർബല നിമിഷത്തിൽ…

അലക്കുകല്ലിൽ
കുളപ്പടവിൽ
വേലിക്കൽ
വയൽ വരമ്പിൽ
ഓക്കാനിച്ചു, അത്
തീന്മേശയിൽ നിന്നും
വാഷ്ബേസിനിലേക്കോടി

സമയത്തിന്റെ മണ്ണടരിൽ
വീണുപോയോ ആനിമിഷം?
അതോ റബർ ഉറകൾക്കുള്ളിൽ
ആത്മഹത്യചെയ്തോ?
കണ്ടവരുണ്ടോ?

Tuesday, June 28, 2011

ക മ


ആറ്റിക്കുറുക്കി ആറ്റിക്കുറുക്കി

കവിതയ്ക്ക്

നാലുവരിയുടെ മേലെ

ഗീറുവീഴാതായി

പിന്നെയത് രണ്ടുവരിയായി

ഇതാ ഇപ്പോൾ ഒറ്റവാക്കായി മാറി:

മറപ്പുര

അത് വളച്ചുകെട്ടിയ ഒരു വാക്ക്

നാലക്ഷരങ്ങളുടെ ചുമരിൽ

മറഞ്ഞിരിക്കുന്നു

ഓലക്കീറിലെ ഓട്ടകൾ കൊണ്ട്

അകം പുറം കാണുന്ന ഒരു കണ്ണ്

ആരുമകത്തില്ലെങ്കിലും

എന്തൊക്കെയോ നടക്കുന്നതുപോലെ

തങ്ങിനിൽക്കുന്നുണ്ട്

പരിമളസോപ്പിൻ മണം,

ആട്ടിപ്പായിച്ചിട്ടും പോവാതെ

ചുറ്റിപ്പറ്റിനിൽക്കുന്ന ദുർഗന്ധം

വരികൾ സിറോസിസ് കരൾപോലെ

തീർന്നു തീർന്നു പോവുന്നു

ഇങ്ങനെയാണ് വരികളുടെ

പ്രോഗ്രഷനെങ്കിൽ

അടുത്തത് രണ്ടക്ഷരമാവും

ആകാശംചൂടിനിൽക്കുന്ന

മറപ്പുരയ്ക്ക് വെളിയിൽ

കവിതാനഗ്നനായ് വരും

കാണുന്നവരും ചുണ്ടിൽ വിരൽ വെച്ച്

ശബ്ദിക്കാത്ത കവിതയായ് മാറും

Saturday, June 25, 2011

അറയ്ക്കൽ തമ്പുരാൻ


വെയിലറച്ചെന്ന് കരുതി
അയലിലിടുമ്പോൾ
അറച്ചുനിൽക്കുന്നു,
വെയിലിനോടെങ്ങനെ ചൂടാവും?

Monday, June 20, 2011

കശുവണ്ടിയുടെ രൂപത്തിലും ....


ഒറ്റയ്ക്കാണിന്ന്, അങ്ങിനെ പതിവില്ല

കാല്പനിക കവിതകൾ കുറെ എഴുതാനുണ്ട്

മുറ്റത്തെ കിണർ മാഹാത്മ്യം..അതാകട്ടെ ഇന്ന്

കോരിക്കുടിച്ചെന്തു മധുരം എന്നൊക്കെ

എന്തായാലും മുറ്റത്തെ കിണറിനെ

പറഞ്ഞു പറഞ്ഞു വറ്റിക്കാൻപോവുന്നു:

മഴയിൽ മദിച്ചാർത്തുപൊന്തുന്ന കണ്ണ്

വിഷുവിന് കൈനീട്ടത്തുട്ടാവും കണ്ണ്

തുടിയുരുട്ടിപ്പാട്ടുപാടി പുലർച്ചയിൽ

ഒരു കോരിയിൽ കേറിയുയരുന്ന കണ്ണ്

കവിയിൽ കൃപാരസമായെത്തും കണ്ണ്

കഥയിൽ മുങ്ങാങ്കുഴി വീണാഴും കണ്ണ്

ഒരു ഗർജ്ജനത്തിന്റെ നിഴലേറ്റി മുയലിന്റെ

ചിരിയോളച്ചുറ്റുകൾ കുമിയുന്ന കണ്ണ്

പഴമൊഴിപ്പടവിലെ തവളയും, കാമന്റെ

കൊടിയിലെ പരൽകളും

പുളയുന്ന കണ്ണ്

അരിയും തിരിയും പൊലിയും പൊലിയുന്ന

പുകമുറ്റുമമ്പലക്കാവിലെക്കണ്ണ്

വറ്റാറായി.വരണ്ടു

ഒരെണ്ണം കൂടെ വേണം

സോഡ വേണ്ട..

മിനെറൽ വാട്ടർ മതി

ബില്ലും വന്നോട്ടെ

ഛെ! എന്താണിതിങ്ങനെയൊക്കെ തോനുന്നത്/

ആരിദ്?

മിനറൽ വാട്ടർ ബോട്ടിലോ

അകം പുറം മറിഞ്ഞു വന്ന കിണറോ?

ഗ്ലാസ്സിലേക്ക് വെള്ളം പകരുമ്പോൾ കേൾക്കുന്നത്

പാദസരങ്ങൾ അഴിച്ചുവെച്ച്

നാടുവിട്ടോടിപ്പോയ പുഴയുടെ ഒച്ചയോ?

കശുവണ്ടിക്ക്,

കീടനാശിനി തളിച്ച

ഗർഭസ്ഥശിശുവിന്റെ രൂപമോ?

ഇനി എറ്റവും പ്രധാനമായ,

നിങ്ങളേവരും കാത്തിരിക്കുന്ന,

കവിത അവസാനിപ്പിക്കൽ എന്ന

കർത്തവ്യത്തിലേക്ക് കടക്കട്ടെ

തൽക്കാലത്തേക്കാണു കേട്ടോ..

നാടു കടത്തിയ പൂച്ചയെപ്പോലെ അത് വരും

നാമൊക്കെ കവിതയിൽ നിന്നും

എഴുന്നേറ്റുപോവുന്നതു പോലെ

നാലുകാലിൽ, ചിലപ്പോൾ


Sunday, June 19, 2011

ഹാരി


വിഷം തീണ്ടലോ

തീണ്ടൽ വിഷമോ?

സഹനം

കുത്തുവാക്കുകളാണെങ്കിൽ…
ഒരു നിമിഷം…
ശവമായ് മാറാൻ സമയം തരൂ..

Friday, June 17, 2011

റേഡിയോ ആക്റ്റീവ്


പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോൾ

പൊടിഞ്ഞുപൊടിഞ്ഞു

തീർന്നുകൊണ്ടുമിരിക്കുന്നു

വളരുന്തോറും പിളർന്ന്

പിളരുന്തോറും വളരുന്ന

തീരാത്ത ഊർജ്ജപ്രവാഹം..

പൊട്ടലും ചീറ്റലും ഇഫക്റ്റ് കൊടുക്കുന്ന

അനുസ്യൂതമായ

വിഘടന പ്രക്രിയ

ആയുസ്സിന്റെ പകുതിയായ് അറിയപ്പെടാനുള്ള

ദുർവിധി

പൊടിപൊടിച്ചുകൊണ്ടിരിക്കുമ്പോൾ

പൊടിഞ്ഞുപൊടിഞ്ഞുതീർന്നുകൊണ്ടേയിരിക്കുന്നു

തീരുന്നില്ലഎന്നല്ല..തീരില്ല..

പൊടിപിടിച്ചമാർബിൾ ഫലകങ്ങളിൽ

ശകവർഷത്തീയതികളായ്

വഴിയോരങ്ങളിൽ

അത് നമ്മെ

നോക്കിനിൽക്കുന്നു