Tuesday, March 29, 2011

കൊഴിഞ്ഞപീലികൾ പെറുക്കുമ്പോൾ

മൂത്ത ചേട്ടൻ പട്ടാളത്തിൽ നിന്നും ലീവിൽ വരുന്നു! കാത്തിരുന്ന തീവണ്ടി റെയിൽവേസ്റ്റേഷനിൽ വന്നു പോയതിന്റെ ശ്ബ്ദം കേട്ടു. സ്റ്റേഷനിൽനിന്നും ഞങ്ങളുടെ ഗ്രാ‍മത്തിലേയ്ക്കിറങ്ങിവരുമ്പോഴുള്ള വയലിലൂടെ ചേട്ടൻ നടന്നു വരുന്നത്, നിരന്നുകിടക്കുന്ന തെങ്ങുകൾക്കിടയിലൂടെ മുറിഞ്ഞു മുറിഞ്ഞു കാണാം. യൂണിഫോമിട്ടാണ് വരവ്! പെട്ടി, ഹോൽഡോൾ എല്ലാം പച്ച മയം. യൂണിഫോമിലെ ചില ചുവന്ന അടയാളങ്ങൾകൂടെ ആവുമ്പോൾ നടന്നുവരുന്ന ഒരു ചെമ്പരത്തിക്കൊമ്പ്.! സാധനങ്ങൾ ചുമക്കുന്ന പോട്ടർ ആണ്ടിയേട്ടനോ? ചുവപ്പുമയം..ആണ്ടിത്തെയ്യം!

ഹോൾഡോൾ നിവർത്തുമ്പോൾ വിരിയുന്ന സാധനങ്ങൾ ഞങ്ങൾക്കറിയാം. അടച്ചുവെക്കൻ പറ്റുന്ന കണ്ണാടി, ഷേവിങ്ങ്സെറ്റ്, സോപ്പ്, ബ്ലേഡ്, ചില്ലറനാണയങ്ങളെന്നിവക്കിടയിൽ വൂളൻ സോക്സിൽ പൂച്ചയെപ്പോലെ പതുങ്ങിക്കിടക്കുന്ന പുലികൾ-റം കുപ്പികൾ (ടിടിആർക്കും പോസ്റ്റ്മാനും അർപ്പിക്കുന്നതിന്നായ് പെട്ടന്നുതന്നെ അവ അപ്രത്യഷമാകും),ചാർമിനാർ സിഗററ്റ് പാക്കറ്റുകൾ...

അത്തവണത്തെ വരവിൽ മറ്റൊന്നുകൂടെയുണ്ടായിരുന്നു ഹോൾഡോളിൽ. ഒരു ഫിലിപ്സ് റേഡിയോ! അതിന് ഒരു ലെതർ കുപ്പായം. ആ വിവരത്തിന് ഒരു ഇൻലൻഡ് ഇട്ടില്ലല്ലോ!

ആരോ പറഞ്ഞു:ഇപ്പം വിവിദ ബാരതി കിട്ടും.

അതെന്ത് ഭാരതി?

സിനിമയിൽ കാണുന്നത് പോലെ, റേഡിയോ ഓൺ ചെയ്തതും, “അടുത്തതായി വിവാഹിത എന്നചിത്രത്തിൽ യേശുദാസ് പാടിയ ഗാനം” എന്ന് കേട്ടു. സദസ്യർ നിശ്ചലരായി!!

സുമംഗലീ നീ ഓർമ്മിക്കുമോ

സ്വപ്നത്തിലെങ്കിലും ഈ ഗാനം

ഒരു ഗദ്ഗദമായ് മനസ്സിലലിയും

ഒരു പ്രേമകഥയിലെ ദു:ഖ ഗാനം...

അതുവരെ വേലിക്കൽനിന്നും, മരത്തിൻ മുകളിലിരുന്നും, കല്ല്യാണ വീടുകളിൽനിന്നും, പാർട്ടി സമ്മേളനങ്ങളിലും, സിനിമാ ടാക്കീസിൽനിന്നും മാത്രം കേട്ടിട്ടുള്ള പാട്ടിതാ വീട്ടിൽ കേറി വന്നിരിക്കുന്നു! വന്ന കാലിൽ നിൽക്കാതെ ആദ്യത്തെ വിരുന്നുകാരനായ ആ പാട്ട് മനസ്സിൽ തന്നെ കയറിയിരുന്നു. എന്തിനും ഒരാദ്യമുണ്ടല്ലോ!

ഈ പാട്ട് നിരാശാകാമുകരുടെ തീം പാട്ടായിരുന്നു അക്കാലത്ത്. കല്ല്യാണം കഴിഞ്ഞ് പോവുന്ന (രക്ഷപ്പെടുന്ന) യുവതികളുടെ കല്ല്യാ‍ണത്തലേന്ന് രാത്രി “ സുമംഗലീ നീ ഓർമ്മിക്കുമോ..”വീണ്ടും വീണ്ടും ലൈറ്റ് &സൌണ്ട്കാരനെക്കൊണ്ട് വെപ്പിച്ച് തെങ്ങിൻ തടത്തിൽ കുഴഞ്ഞുകഴിഞ്ഞുകൂടിയിരുന്ന കാമുകർ. കുതിരക്കരുണൻ ആയിരുന്നു പാട്ടുവെക്കുന്ന ആൾ. ഒരു അന്തവും കുന്തവുമില്ലാതെയാണ് പാട്ടുവെക്കുക. ഒരു കല്ല്യാണ മുഹൂർത്തസമയത്ത് മൂപ്പർവെച്ചത് “ഡോക്റ്റർ സാറേ..ലേഡീ ഡോക്റ്റർ സാറേ ഈ രോഗമൊന്നു ....” എന്ന പാട്ട്.

കയ്യിൽ കിട്ടിയത് കുതിരയ്ക്ക് പാട്ട്! അതിന്നുശേഷം കുതിര എന്ന വിശേഷണം മാറ്റി മറ്റൊരു മൃഗത്തിന്റെ പേരായിരിക്കും അഭികാമ്യം എന്ന് ഞങ്ങളുടെ ഇടയിൽ അഭിപ്രായമുണ്ടായി. “വിരിഞ്ഞ മാറിലെ ആദ്യ നഖക്ഷതം മറക്കുവാനേ കഴിയൂ കൂന്തലാൽമറയ്ക്കുവാനേ കഴിയൂ” എന്ന വരികൾ ഒരു മുന്നറിയിപ്പുമില്ലാതെ അസ്ഥാനത്തും അസമയത്തും പതിവിലധികം ശബ്ദത്തിലും ഇടവഴികളിലൂടെ ആരെയോ കൊള്ളിച്ച് പാടിപ്പോകുന്ന താടിക്കാരായ ചെറുപ്പക്കാർ ധാരാളമുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. “പ്രിയ സഖീ പോയി വരൂ..” വരുന്നതുവരെ സുമംഗലി റേറ്റിങ്ങിൽ ഒന്നാമതായിത്തന്നെ നിന്നു.

ചലചിത്രഗാനത്തിന്റെ ഓർമ്മകളെ റേഡിയോവിൽനിന്നും അടർത്തിയെടുക്കാൻ പറ്റില്ല.നീയില്ലെങ്കിൽ ഞാനില്ല എന്ന സ്റ്റൈൽ. പാട്ടുകേൾക്കുന്നതിന്റെ രീതി, Tape Recorder മുതൽ CD player, MP3, ipod, mobile എന്നിവയുടെ ഉപയോഗമനുസ്സരിച്ച് മാറി. അവയിലൊക്കെ നിയതമായ ക്രമമനുസരിച്ച് പാട്ടുകൾ പട്ടാളച്ചിട്ടയിൽ മാർച്ചുചെയ്തുവന്നു. എന്നാൽ റേഡിയോവിലുടെ വരുന്ന പാട്ടൊന്നു വേറെ. നിങ്ങൾ ആവശ്യപ്പെട്ടതാണെങ്കിലും എന്താണ് ചിലർ ആവശ്യപ്പെടുകയെന്ന് അറിയില്ലല്ലോ!.അടുത്തതെന്ത് എന്നറിയാത്ത, ജീവിതം പോലെ അനിശ്ചിതം. പറയാതെ വന്ന്, മൂന്നുനാലുമിനിട്ട് നമ്മുടെകൂടെയിരുന്ന് വരികളുടെയും ഈണത്തിന്റെയും ഓർമ്മകൾ ബാക്കിവെക്കുന്ന ആകസ്മികത! ഈ അടുത്ത ദിവസം യാത്രക്കിടയിൽ “രാഗാർദ്ര ഹംസങ്ങളോ നമ്മൾ രാവിന്റെ രോമാഞ്ചമോ..” എന്ന് FM ൽ കേട്ടപ്പോൾ വണ്ടി റോഡരുകിൽ ഒതുക്കേണ്ടിവന്നു. മുമ്പേ പരിചയപ്പെടേണ്ടതായിരുന്നു എന്നു വിചാരിക്കുമ്പോഴേക്കും ആ പാട്ട് ഇറങ്ങിപ്പോയി. എല്ലാവരുടെയും കാതിൽ ഒരുമിച്ച് മഴപോലെ പൊഴിഞ്ഞ പാട്ടുകൾ ചെവിക്കുള്ളിൽ തിരുകുന്ന ഒരുപകരണത്തിൽ നിന്നാവുമ്പോൾ നഷ്ടപ്പെടുന്നത് പാട്ടിന്റെ സോഷ്യലിസമാണ്. കർത്താവേ ഇവർ കേൾക്കുന്നതെന്തെന്ന് മറ്റാരും അറിയുന്നില്ലല്ലോ? പാട്ടുകേൾക്കുന്നതിന്റെ പഴയ രീതി ഒരു മധുരനാരങ്ങ പല അല്ലികളായ് പലർകഴിക്കുന്നതാണെങ്കിൽ ഇപ്പോഴത് ഒരു മുഴുവൻ നാരങ്ങയും അതിന്റെ മധുരവും ആർക്കും പങ്കുവെയ്ക്കാതെ ഒറ്റയ്ക്ക് കഴിക്കുന്നതുപോലെ.

ഓർക്കുന്നപാട്ട് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാവണമെന്നില്ല. “സുമംഗലീ..” ഓർക്കുന്നപാട്ടാണെങ്കിലും വിവാഹിത എന്ന ചിത്രത്തിൽ തന്നെയുണ്ട് എനിയ്ക്ക് അതിലുമിഷ്ടപ്പെട്ട പാട്ട്- “ദേവലോക രഥവുമായ്..”. അപ്പോൾ ഏതു പാട്ടാണ് ഏറ്റവുമിഷ്ടം എന്നൊരു ചോദ്യമുണ്ട്. 1“പൌർണ്ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു ..” ആണ് മലയാളത്തിൽ ഞാ‍ൻ ഏറ്റവുമിഷ്ടപ്പെടുന്ന പാട്ട്. സ്ത്രീ ശബ്ദത്തിൽ 2“മനസ്സിനുള്ളീൽ മയക്കം കൊള്ളും...”; പിന്നെ യുഗ്മഗാനങ്ങളിൽ 3“യദുകുല രതിദേവനെവിടെ.”യും.

പാട്ടിന് മറ്റുപലതുമായി ബന്ധപ്പെട്ട് നിൽക്കുന്ന അവസ്ഥയുണ്ട്. പാട്ടുകാലം, പാട്ടുസമയം, പാട്ടുമണം, പാട്ടാളുകൾ, പാട്ടുപ്രണയം അങ്ങിനെ അങ്ങിനെ..

“ജ്ഞാനപ്പഴത്തെപ്പിഴിന്ത്..” എന്ന ടാക്കീസിലെ കോളാമ്പിപ്പാട്ട് മൈതാനത്തിൽ നിലക്കടല കൊറിച്ചിരുന്നവരെ സിനിമയിലേക്ക് ക്ഷണിച്ചു. “വിനായകനെ വിനൈ തീർപ്പവനേ..” എന്ന പാട്ട് ടിക്കറ്റ് കൊടുക്കാൻ തുടങ്ങി എന്ന് എല്ലാവരോടും പറയാതെ പറഞ്ഞു.

ഹോസ്റ്റലിൽ താമസിക്കുമ്പോൾ വൈകുന്നേരം കളികഴിഞ്ഞ് ചെറിയ ടാർ റോഡിലൂടെ, നിരനിരയായ ഹോസ്റ്റൽ ബ്ലോക്കുകൾക്കുമുന്നിലൂടെ നടക്കുമ്പോൾ, അനേകം കുളിമുറികളിൽ നിന്നും കേൾക്കുന്ന കൂളിയൊച്ചകൾക്കിടയിലൂടെ വന്ന നിരവധി വാസനസോപ്പുകളുടെ മണത്തിൽ വേറിട്ടു നിന്ന ലിറിൽ സോപ്പിന്റെ മണം, അതിനോട് ഇഴ ചേർന്ന് റോഡിൽ പൊഴിഞ്ഞുവീണ അരളിപ്പൂക്കൾ, അതിനും മേലെ പൊഴിഞ്ഞ “മഞ്ഞണിക്കൊമ്പിൽ...” എന്ന പാട്ട്...

പാട്ടോർമ്മിക്കുമ്പോൾ Music Room ഓർക്കാതിരിക്കാൻ പറ്റില്ല. അന്ന് ആകാശവാണി കഴിഞ്ഞാൽ ഏറ്റവുമധികം പാട്ടുകളുടെ ശേഖരം കോഴിക്കോട് REC യിൽ ആണ്. അസംഖ്യം LP ഡിസ്കുകൾ അടുക്കി വെച്ചിട്ടുള്ള ഡ്രോയറുകൾ, അതിന്നായ് മാത്രം ഹോസ്റ്റലിൽ ഒരു മുറി, ഒരു സെക്രട്ടറി, ഒരു പാർട് ടൈം ജീവനക്കാരൻ! ആനന്ദ് ശങ്കറിന്റെ ഫ്ലൂട്ടാണ് കോളേജിന്റെ തീം മ്യൂസിക്. നമ്മൾക്കാവശ്യമുള്ള പാട്ട് കാറ്റലോഗ് നോക്കി എഴുതിക്കൊടുക്കാം.വൈകുന്നേരം അഞ്ചുമണിമുതൽ ഏഴുമണിവരെ വിവിധ ഭാഷകളിലെ പാട്ടുകൾ-ഞങ്ങളാവശ്യപ്പെട്ടത്-കാമ്പസ്സിൽ മുഴങ്ങും. കാസറ്റ് ഏൽ‌പ്പിച്ച് പാട്ടുകൾ എഴുതിക്കൊടുത്താൽ ഒരു നിശ്ചിത ഫീസ് ഈടാക്കി റെക്കോർഡ് ചെയ്തു തരാനുള്ള ഏർപ്പടുണ്ടായിരുന്നു. പാട്ടുകാരനായിരുന്ന രാജൻ (രാജൻ എവിടെ?) ഇവിടെ വന്ന് എഴുതിക്കൊടുത്തിട്ടുണ്ടാവുമല്ലോ എന്നെല്ലാം ഓർത്തുപോവും. Music Room ഒരു വൈകാരിക infrastructure ആയിരുന്നു.

പാട്ടും റേഡിയോവുമായുള്ള ബന്ധം, കവിതയിലും ആകസ്മികമായി വന്നിട്ടുണ്ട്. ശ്രീലങ്കയിൽ സൈന്യം പുലികളെ കീഴടുക്കന്നതിന്റെ അവസാന ദിവസങ്ങളിലെഴുതിയ ആ കവിത-മൂൻറുമണി മുപ്പത് നിമിഡം- അപ്പോൾ തന്നെ ആ ഹരിതകത്തിൽ വരികയും ചെയ്തു.

“ഇലങ്കൈ ഒലിപരപ്പുക്കൂട്ടുത്താവന

ആസിയ സേവൈ…നേരം.”

പാമ്പൻ പാലം നുഴഞ്ഞ്

ധനുഷ്കോടിയിൽ മുങ്ങി

കാറ്റ് റിനിലേ വന്ന് കാതിൽ വീണ

ഗറില്ലാപാടൽകളേ..

കാണുന്നുണ്ടോ നിങ്ങൾ?

റബ്ബർ മരങ്ങളുടെ സാലഭഞ്ജികകൾ

ഉന്നവും ഉണ്ടയും തീർന്ന പീരങ്കികൾ

കാൽ വിരൽ തുമ്പുതൊട്ടാൽ

പൊട്ടിത്തെറിക്കുന്ന അഹല്യകൾ

പെട്ടിയും കുട്ടിയും പ്രമാണങ്ങളും

നിഴലിക്കുന്ന ചതുപ്പിൽ

അഹിംസ

കണ്ണടച്ച് ധ്യാനത്തിനിരിക്കുന്ന താമരകൾ

പുൽമേട്ടിൽ

പുലി കിടന്നതിന്റെ അടയാളങ്ങൾ

ഒതുക്കുകല്ലുകൾ കയറി നിഴൽ വരുമ്പോൾ

പൊഴിഞ്ഞു വീഴുന്ന നാലുമണീപ്പൂക്കളേ

മലയാള പാടൽകളേ

വണക്കം ചൊല്ലി വിട വാങ്ങാൻ

അരമണീ നേരം മാത്രം

ഒരു രസത്തിന് ‘സുമംഗലി’പ്പാട്ടിനെ വിശകലനം ചെയ്യുമ്പോഴും രസം-“ഓർമ്മിക്കുമോ ഈ ഗാനം..” എന്ന് പാട്ട് ചോദിക്കുകയാണ്. അതിനെ അതിന്റെ പാട്ടിന് വിടാ‍ൻ പറ്റുമോ?“ഓർക്കുന്നു നിന്നെ ഞാൻ..” എന്ന് ഈ എഴുത്തിലൂടെ ഞാനാപ്പാട്ടിനോടു പറയട്ടെ. പാട്ടിന്റെ കൊഴിഞ്ഞ പീലികൾ പെറുക്കിയെടുക്കുമ്പോൾ, ഇതാ..ആ റേഡിയോയുടെ തുകൽ കുപ്പായത്തിന്റെ മണം എന്റെ ഓർമ്മയുടെ മൂക്കിലെത്തുന്നു!

1.റെസ്റ്റ് ഹൌസ്/ശ്രീകുമാരൻ തമ്പി/ എം.കെ.അർജ്ജുനൻ/യേശുദാസ്

2. തുറക്കാത്തവാതിൽ/പി.ഭാസ്കരൻ/കെ.രാഘവൻ/ജാനകി

3. റെസ്റ്റ് ഹൌസ്/ശ്രീകുമാരൻ തമ്പി/ എം.കെ.അർജ്ജുനൻ/ജയചന്ദ്രൻ&ജാനകി

4.. http://www.harithakam.com/ml/Poem.asp?ID=785

(പാട്ടോർമ്മ, മാധ്യമം വാരിക; 6 Sep 2010)

Sunday, March 20, 2011

കരളിന്റെ കരളേ…



കരൾ ശരീരത്തിന്റെ ഉള്ളിലെ ഏറ്റവും വലിയ അവയവമാണ്. നമ്മൾ
കഴിക്കുന്നതെല്ലാം ഫിൽറ്റർ ചെയ്തു കടന്നു പോവുന്ന, സ്പോഞ്ച് പോലെ
കാണപ്പെടുന്ന ഈ അവയവത്തിന് ഒന്നര കിലോഗ്രാം തൂക്കം വരും. സ്തീകളിൽ
ഇതിന്റെ തൂക്കം ഒരു കിലോഗ്രാം മാത്രമേ ഉണ്ടാവുകയുള്ളു.
സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ മത്സ്യം പിടിക്കാൻ മുക്കുവർ
ഉപയോഗിക്കുന്ന വല പോലെയാണ് ഇത് കാണപ്പെടുക. വലക്കണ്ണികൾക്കിടയിൽ
വർണ്ണക്കടലാസ് ഒട്ടിച്ച പോലെയും കാണാം.

കരളിലെ കോടിക്കണക്കിനുള്ള കോശങ്ങൾ നശിപ്പിക്കപ്പെടുമ്പോൾ
പുനർനിർമ്മിക്കപ്പെടുന്നുമുണ്ട്. നമ്മൾക്ക് കഴിഞ്ഞുകൂടുവാൻ
ആവശ്യമുള്ളതിന്റെ ഇരട്ടി അളവിൽ കരൾ ദൈവം ഡിസൈൻ ചെയ്തിട്ടുണ്ട്. ഒരാൾ
കരളിന്റെ പകുതി ദാനം ചെയ്താൽ അയാളുടെ പകുതി കരൾ വളർന്നു പഴയരീതിയിൽ
ആവുന്നതിനോടൊപ്പം സ്വീകരിച്ച ആളിലും കരൾ വളരും.

കരളിനെ നശിപ്പിക്കാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്ന സാധനം അല്ലെങ്കിൽ
ദ്രാവകമാണ് ആൽക്കഹോൾ. നശിപ്പിക്കപ്പെടുമ്പോഴും കരൾ വീണ്ടും
നിർമ്മിക്കപ്പെടുന്നു. സാഹിത്യത്തിൽ മാത്രമല്ല ശരീരത്തിലും അപനിർമ്മാണം
നടക്കുന്നുവെന്നു സാരം. മദ്യപിച്ച് ശാർദ്ദൂലവിക്രീഡിതത്തിൽ നാടൻ മദ്യപൻ
അടിച്ചുതകർക്കുന്ന അടുക്കള സാമഗ്രികൾ വീണ്ടും അടുക്കിവെക്കുന്ന ശ്രീമതി.
ക്ഷമാവതിയെ കണ്ണുനീരിനോട് മാത്രമല്ല,കരളിനോടും ഉപമിക്കാവുന്നതാണ്.
വല്ലപ്പോഴും ഉള്ളതോ നിത്യേനെ ചെറിയ അളവിലുള്ളതോ ആയ ഉപയോഗം
പ്രശ്നമുണ്ടക്കില്ല. എന്നാൽ ആൽക്കഹോളിന്റെ ദുരുപയോഗം കൊണ്ട് കരളിന്റെ
വലക്കണ്ണികൾ ആകൃതി നഷ്ടപ്പെട്ട് ചുരുങ്ങിപ്പോവുന്നു. ചുരുങ്ങിയ
കരളിലൂടെയുള്ള, തലച്ചോറിലേക്കുള്ള രക്തത്തിന്റെ ഗതി/വേഗത കുറയുന്നു.
ട്രാഫിക് ബ്ലോക്ക് ഉണ്ടാവുമ്പോൾ മറ്റുവഴികളിലൂടെ വാഹനങ്ങൾ ഗതിതിരിച്ചു
വിടുമ്പോളെന്നതുപോലെ, രക്തത്തിന് മറ്റുവഴികളിലൂടെ തലച്ചോറിൽ
എത്തിച്ചേരേണ്ടതായി വരുന്നു. കുടലിലും മറ്റുമുള്ള രക്തവാഹിനികൾ
ഇത്തരത്തിൽ കൂടുതൽ അളവു രക്തത്തെ കടത്തിവിടാൻ വേണ്ടിയല്ല പടച്ചോൻ
ഉണ്ടാക്കിയിരിക്കുന്നത് എന്നാകയാൽ അത്തരം ദുർബല വാഹിനികൾ
പൊട്ടിപ്പോവുന്നു; പാവപ്പെട്ട മദ്യപാനി രക്തം ഛർദ്ദിക്കുന്നു. സിറോസിസ്
വന്നു കഴിഞ്ഞ ആളുടെ ജീവിതം കത്തുന്ന മെഴുകുതിരിപോലെയാണ്. ഒരുവർഷം
കത്തുന്നവ, രണ്ടു വർഷം കത്തുന്നവ.എന്നിങ്ങനെ.
അത്യുത്സാഹികളായ ചില കരളുകൾ കൂടുതൽ വേഗത്തിൽ നഷ്ടപ്പെടുന്ന കോശങ്ങൾ
പുനർനിർമ്മിക്കുമ്പോൾ അത് കരൾ അർബുദമായ് ഭവിക്കുന്നു. കരൾ “how’s that!“
എന്നു ചോദിക്കുന്നു.
ജനിതക ഘടകങളും സിറോസിസ് വരാൻ ഒരു കാരണമാണ്. ഒരു സ്ത്രീയും പുരുഷനും
ഒരേഅളവിൽ മദ്യപിച്ചു കൊണ്ടിരുന്നാൽ സ്ത്രീക്കാണ് സിറോസിസ് വരാൻ കൂടുതൽ
സാദ്ധ്യത. ഹെപ്പറ്റൈറ്റിസ്-B,C എന്നീ വൈറസ്സുകളും ഈ രോഗത്തിനു
കാരണമാവുന്നു(മദ്യപർക്കുള്ള ആശ്വാസ ഗോൾ).

ഈ രോഗത്തിന്റെ ലക്ഷണം പഴയ ഒരു ലളിതഗാനം പോലെ ലളിതം..ആദ്യത്തെ നോട്ടത്തിൽ
കാലടി .”-അതിൽ നീരുണ്ടാവും.

ലിവർ ഫങ്ഷൻ ടെസ്റ്റിൽ, രക്തത്തിലെത്തുന്ന നശിപ്പിക്കപ്പെട്ട കരൾ
കോശങ്ങളുടെ അളവാണ് കണ്ടുപിടിക്കുന്നത്. മുഴുക്കുടിയനായ ഒരാളേക്കാൾ
അങ്ങനെയൊന്നുമില്ലഎന്ന ലൈനിൽനടക്കുന്നവനെ/ളെ, ജനിതക കാരണങ്ങളാൽ,
രോഗം പിടികൂടിയേക്കാം.

മദ്യവയസ്ക്കരായ മലയാളികൾ പച്ച എന്നു പറയാൻ വായ് തുറക്കുമ്പോൾ പച്ചച്ച
പാവാടഎന്ന് പിടുത്തം വിട്ടുപോവുന്ന അവസ്ഥയിൽനിന്ന് ഒരു കൊമേർഷ്യൽ
ബ്രേക്ക് എടുത്ത് അകാല മയ്യത്തുകളായ് മാഞ്ഞുപോവുന്ന
മാരിവില്ലുകളെക്കുറിച്ച് അപശ്രുതിയിൽ, അവതാളത്തിൽ ശോകഗാനം പാടേണ്ടി
വരുന്നത് മാറ്റേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണ്.

അതുകൊണ്ട്, പൊന്നു കുടിയന്മാരേ, കരളിന്റെ ജന്മിമാരേ, ജനിതകമായി ഈ രോഗം
വരാൻ സാധ്യതയുള്ളവരാണോ നിങ്ങൾ എന്ന് ആദ്യം ഉറപ്പു വരുത്തുക..അതിനു ശേഷം
മാത്രംകരളിനെ കരളുന്ന കരാളമായ അവനെ ഒഴിക്കുക.ചിയേർസ്!!!

എന്ന്
സ്വന്തം ഗ്ലാസ്സ്മേറ്റ്

Saturday, March 19, 2011

ആരാന്റെ കുട്ടി

അല്ല ചന്തപ്പാ..

നെനക്ക് ബാര്യേനെ കൂട്ടിക്കൊണ്ടോന്നൂടെ

ന്റെ ശാരദേട്ത്ത്യേ..

ങ്ങളെന്താ പറേന്നെ

ഞാൻ വിളിക്കാഞ്ഞിട്ടൊന്ന്വല്ലേയ്..

പിന്നെ വേറൊന്ന്ണ്ട്

എത്രാന്ന്ച്ചിട്ടാ വിളിക്ക്യ

ആരാന്റെ കുട്ട്യല്ലെ!

മ്മളെ നാട്ടിലൊരു ചന്തപ്പനിണ്ടായിനും

എന്ന് കഥ തുടങ്ങാം

ഓന് പ്രാന്തായിനും

എന്ന് മാത്രം പറയരുതേ..

Saturday, March 5, 2011

പശു നമുക്ക് പാലു മാത്രമല്ല തരുന്നത്

പശുവിനെ വഴിയിലോ ആലയിലോ കണ്ട ഓർമ്മകളോടൊപ്പം ഏട്ടിൽ കണ്ട ഓർമ്മകളും നമ്മളിൽ പലർക്കുമുമുണ്ട്. പലരുടെയും ആദ്യപ്രബന്ധംതന്നെ പശുവാണ് പശു ഒരു വീട്ടു മൃഗം. തെങ്ങിനെക്കുറിച്ചെഴുതാൻ പറഞ്ഞാൽ പശുവിനെ അതിന്മേൽ കെട്ടും എന്ന് തമാശയായി പറയാറുണ്ട്. അങ്ങിനെ, മലയാളി, കുട്ടിയായിരിക്കുമ്പോൾ തന്നെ സൃഷ്ടിക്കുന്നുണ്ട് ഏട്ടിലെ പശുവിനെ. കാമധേനുവും കൽ‌പ്പകതരുവും എന്ന് ഒരു സിനിമാപ്പാട്ടിലുമുണ്ട്.

പശു പുതിയ മലയാള കവിതയിൽ എങ്ങിനെയൊക്കെ വരുന്നു എന്ന് പറയാനാണ് ഇവിടെ ഉദ്യമിക്കുന്നത്.

മൂന്നു കവിതകൾ,മൂന്നു കവികൾ, മൂന്നു പ്രായക്കാർ.

സുബഹി നിസ്കരിച്ച്
തീറ്റികൊടുക്കാൻ
തൊഴുത്തിൽ ചെന്നപ്പോൾ
കെട്ടിയ കുറ്റിയിൽ കയറുമാത്രം.

"ന്റെ റബ്ബേ"
നെഞ്ചത്തു കൈവെച്ചു ചെക്കുമ്മത്താത്ത.

പുല്ലൂട്ടിയിലെ ബാക്കിയായ വൈക്കോലും
ഉറക്കം തെളിയാത്ത പൂച്ചയും
അമ്പരന്നിരുന്നു.

കണ്ണുനിറഞ്ഞ തൊടിയിലെ പുല്ലുകൾ
കണ്ടില്ലെന്നു പറഞ്ഞു.

അപ്പുറത്തെ മേനോനും
ഇപ്പുറത്തെ നായരും
വിവരശേഖരണം നടത്തി
നിഗമനത്തിലെത്തി.

പശുവപ്പോൾ
ഇന്നലെ തീറ്റിയ
കുന്നിന്റെ പള്ളയ്ക്ക്
പാൽചുരത്തുകയായിരുന്നു.

ഇത് അഭിരാമി ആറാംക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ 1കാണാതായ പശു എന്ന കവിത.

കാണാതായ പശുവിനെ ആദ്യം കണ്ടത് ഹരിതകത്തിൽ ആണ്; പിന്നീട് കുട്ടികൾ തയ്യാറാക്കിയ യുറീക്കയിലും കണ്ടു.

അഭിരാമിയുടെ പശുക്കവിത ഒരു അമ്പരന്ന കോഴിക്കുഞ്ഞെഴുതിയത് പോലെ! തൊടിയിലെ കണ്ണുനിറഞ്ഞ പുല്ലുകൾപോലെ രസത്തിന്റെ മുത്തുകൾ വിളയിക്കുന്നു ഈ കവിത. കുന്നിനു പാലുചുരത്തുമ്പോൾ ആ പശുവിന്റെ കണ്ണുകൾ അടയുന്നത് നമ്മൾ കാണുന്നു.

ഇനി നമുക്കു വിഷ്ണുപ്രസാദിന്റെ അമ്മായിയുടെ 2പശുവിന്റെ അടുത്തേയ്ക്ക് ചെല്ലാം. സൂക്ഷിക്കണം, കുത്തുള്ള പശുവാണ്! സെക്സും സ്റ്റണ്ടുമുള്ള ഒരു കവിത. പലതരത്തിലുള്ള കെട്ടുപൊട്ടിക്കലുണ്ടല്ലോ?. അല്ലെങ്കിൽ വേണ്ട, കയറുപൊട്ടിക്കലുകളെപ്പറ്റിപ്പറഞ്ഞ് നിങ്ങളെ വേലി ചാടിക്കുന്നില്ല! വിഷ്ണുപ്രസാദിന്റെ കവിത ഓടുന്ന നാടൻ വഴിയിലെ, അച്ചുവേട്ടന്റെ ചായക്കടയിലേക്ക് വന്നാലും!

ഒരു ദിവസമെങ്കിലും
കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കിൽ
സ്വാതന്ത്ര്യത്തെക്കുറിച്ച്
തനിക്കൊരു സ്വപ്നവുമില്ലെന്ന്
കരുതുമല്ലോ എന്ന് കരുതിയാവണം
ഇടയ്ക്കിടെ കയറു പൊട്ടിച്ച്
ഓടുമായിരുന്നു
അമ്മായീടെ പയ്യ്.

പയ്യ് മുന്‍പേ,
അമ്മായി പിന്‍പേ.
മുന്നിലുള്ളതിനെ മുഴുവൻ
കോര്‍ത്തുകളയും എന്ന മട്ട്.
ആരും മാറി നില്‍ക്കും.
പിടിക്കണേ തടുക്കണേ
എന്നൊക്കെ അമ്മായി.
കേട്ടത് തിരിച്ചറിയുമ്പോഴേക്കും
അമ്മായിയും പയ്യും
കടന്നു പോയിട്ടുണ്ടാവും.
രണ്ടു കിലോമീറ്റർ ഓടിയാൽ
പയ്യിന് ആവശ്യത്തിന് സ്വാതന്ത്ര്യമായി.
അണച്ചണച്ച് അതൊരിടത്ത് നില്‍ക്കും.
പണ്ടാരപ്പയ്യ് എന്ന് അതിന്റെ
നടുപ്പുറത്ത് ഒരടി വീഴും.
പിന്നെ രണ്ടാളും സാവകാശം
വീട്ടിലേക്ക്...

ഇത്ര സൌമ്യരായ രണ്ടു ജീവികളാണോ
കുറച്ചുമുന്‍പ് അങ്ങോട്ടു പോയതെന്ന്
അച്ചുവേട്ടന്റെ കടയിൽ ചായ കുടിക്കുന്നവർ
മൂക്കത്ത് വിരൽ വെക്കും...

കയറുപൊട്ടിച്ചോടിയ
ആ രണ്ടു കിലോമീറ്ററാവണം
പശു പിന്നീടെപ്പോഴും അയവിറക്കുന്നത്.

പല ആഗ്രഹങ്ങളും അടക്കിവെക്കുന്ന ആ പശുവിന്റെ സ്വാതന്ത്ര്യദിന ചിന്തകൾ എന്തെല്ലാമായിരിക്കും? അമ്മായി സ്വന്തം മകളെപ്പോലെയാവുമോ അതിനെക്കണ്ടിരുന്നത്? കാമധേനുവിലെ കാമവും കയറിവന്നിട്ടുണ്ടോ (കയറുപൊട്ടിച്ച്)?കാമം, ക്രോധം, മോഹംസിനിമാ പോസ്റ്റർ ആ ചായപ്പീടികയുടെ ചുമരിൽ ഞാൻ കാണുന്നു. വായിച്ചു കഴിയുമ്പോൾ കവിത ആസ്വദിക്കുന്ന രീതി ഒന്നുമാറ്റൂഎന്ന് വായനക്കരുടെ നടുപ്പുറത്ത് ഒരടി വീഴുന്നുണ്ട് !

ഇനി നമുക്ക് കുരീപ്പുഴയുടെ 3പശുവിന്റെ (പുഴയുടെ പശു?)അടുത്തേയ്ക്ക് പോവാം. പേടിക്കേണ്ട, വന്നോളൂ..മുത്തശ്ശിപ്പശുവാണ്..

അധ്യക്ഷനാണ് ചതിച്ചത് .
വേദിയിൽ കിടന്ന
മുത്തശ്ശിപ്പശുവിനെ
അഴിച്ചു
മൈക്കുകാലിൽ കെട്ടി.

പശു
മൂന്നുമണിക്കൂർ
ഓര്‍മ്മകൾ അയവിറക്കി.

ഓഡിറ്റൊറിയം മരുഭൂമിയായി.

കുരീപ്പുഴയുടെ കവിതയിൽ സെക്സും സ്റ്റണ്ടും കഴിഞ്ഞ് പശു മുത്തശ്ശി ആയിരിക്കുന്നു. ഈ കവിതയെക്കുറിച്ചുകൂടുതലെന്തെങ്കിലും പറഞ്ഞ് കവിതയിലെ പശുവിനെപ്പോലെ ആളെ ഓടിക്കാൻ ഞാനാളല്ല- അത്രയ്ക്ക് സംവദിക്കുന്നുണ്ട് കവിത. കുറച്ച് പറഞ്ഞ് കൂടുതൽ പറയുന്ന നല്ല കവിത, കൂടുതൽ പറയുന്നവരെക്കുറിച്ച് കുറച്ചു വാക്കുകളിൽ പറഞ്ഞിരിക്കുന്നു!

കുട്ടിയുടെ കവിതയിൽ മാത്രമെ പാലുള്ളു(കവിതയിൽ കുട്ടിയ്ക്കേ പാലുള്ളു!), മുതിർന്നവരുടെ കവിതയിൽ അയവിറക്കലാണ്. പ്രായമാവുന്തോറും അയവിറക്കുന്ന പരിപാടി കൂടുന്നുമുണ്ട്, കുരീപ്പുഴയുടെ പശുവിന്റേത് ഒടുക്കത്തെ അയവിറക്കൽ! മുതിർന്നവരുടെ കവിത കെട്ടിയിട്ട പശുക്കൾ അയവിറക്കുന്ന ചിത്രത്തിലാണ് അവസാനിക്കുന്നതും. കെട്ടിയിട്ടപശുക്കൾക്ക് മേയാൻ കയറിന്റെ ആരം, മേഞ്ഞാൽ ഒരു വൃത്തം, ആ വൃത്താന്തത്തിലോ- അയവിറക്കുന്ന പശു. വീട്ടുമൃഗമാണെങ്കിലും മൂന്നു കവിതകളിലും പശുവിന്റെ പരിസരത്ത് വീടു കാണുന്നില്ല. വീടെവിടെ പൈക്കളേ!

ഒരു ദിവസം സന്ധ്യമയങ്ങുന്ന നേരത്ത് കേട്ട പശുവിന്റെ ബ്ബേ..പുഴക്കരയിലെ ഇലച്ചാർത്തിൽ മുങ്ങിനിശ്ശബ്ദമായപ്പോൾ, അഭിരാമിയുടെ കവിത മുന്നിലെത്തി. ഒരുച്ചയ്ക്ക് കുളക്കരയിലെ പുൽപ്പരപ്പിൽ ധാടയിളക്കി ഒരു പശു അയവിറക്കുന്നത് കണ്ടപ്പോൾ വിഷ്ണുവിന്റെ കവിത മാത്രമല്ല, സാക്ഷാൽ വിഷ്ണുവിനെയും ഓർത്തു. ഘോരഘോരം, നിർത്താൻ ഭാവമില്ലാതെ ആരെങ്കിലും പ്രസംഗിക്കുന്നുണ്ടെങ്കിൽ, കുരീപ്പുഴയുടെ കവിതയോർത്ത് ഓഡിറ്റോറിയത്തിൽനിന്നും ഞാനെന്റെ തടിയെടുക്കാൻ തീരുമാനിച്ചു.

കാണതായും, വീടുവിട്ടും, കെട്ടിയും കെട്ടാതെയും, കെട്ടുപൊട്ടിച്ചും, ഓർമ്മകൾ അയവിറക്കിയും മൂന്നു കവിതകളിലും പശു. ഈ പശുക്കവിതകൾ വായിച്ച് അയവിറക്കുന്നു ഞാൻ.

4പേരാറ്റു നീരാ‍യ ചെമ്പിച്ച പൈക്കളുടെ സാന്നിദ്ധ്യം കവിതയിൽപണ്ടു മുതൽക്കേ ഉണ്ട്. നമ്മൾ കാണാതെപോയ പശുക്കൾമലയാള കവിതയുടെ വ(ര)ഴികളിൽ വെയിൽചുട്ടിയും നിഴൽ പുള്ളിയുമായ് ഇനിയുമുണ്ടാവാം. ആ വഴിയിൽ അടുത്തകാലത്ത് കണ്ടുമുട്ടിയ പശുക്കളുടെ വിശേഷം പറഞ്ഞെന്നുമാത്രം. ചെവികളിളക്കി, മണി കിലുക്കി, അവ-കാണാതെപോയ പശുക്കൾ- നമ്മെ നോക്കി, “ഞാൻ ഈ ഏട്ടിലുണ്ടെന്ന് പറയുന്നുണ്ടാവാം. ഏട്ടിൽ നിന്നല്ല തിരയിൽനിന്നാണ് രണ്ടു പശുക്കളെ പിടിച്ചുകൊണ്ടുവന്ന് സഹൃദയസമക്ഷം ഹാജരാക്കിയിട്ടുള്ളത്(വാമൊഴിക്കും വരമൊഴിക്കും ശേഷം-തിരമൊഴി എന്ന് കവി പി.പി.രാമചന്ദ്രൻ). ഏട്ടിൽനിന്നോ തിരയിൽ നിന്നോ എവിടെനിന്നായാലും, ഒന്നൊത്തുപിടിച്ചുവലിച്ചാൽ, മലയാളത്തിലെ പശുക്കവിതകൾ എന്ന് ഒരു സമാഹാരമിറക്കാം. സമാഹരിക്കൽ നടക്കില്ലെങ്കിൽ ആ ചിന്തയെ മറ്റൊരു ഏട്ടിലെപ്പശുവാക്കി സംഹരിക്കാം!

പശുക്കവിതയ്ക്ക് പിശുക്കുണ്ടാവില്ല എന്നു തോന്നുന്നു. മലയാളത്തിന്റെ പച്ച, വൈലോപ്പിള്ളി എഴുതിയതുപോലെ പോലെ എല്ലാ പശുക്കൾക്കും പുല്ലാകട്ടെ!

1. കാണാതായ പശു എന്ന അഭിരാമിയുടെ കവിത www.harithakam.com ൽ നിന്ന്

2. പശു - കുളം+പ്രാന്തത്തി എന്ന വിഷ്ണൂപ്രസാദിന്റെ ആദ്യത്തെ കവിതാ പുസ്തകത്തിൽ നിന്ന്

3. നഗ കവിത-പശു കുരീപ്പുഴ ശ്രീകുമാറിന്റെ ബ്ലോഗിൽ നിന്ന് (http://kureeppuzha.blogspot.com)

4. കറുത്തചെട്ടിച്ചികൾ, ഇടശ്ശേരി