Tuesday, December 21, 2010

വിവർത്തനം


കല്ല്യാണരാത്രിമുതൽ

അവളയാളെ

വിവർത്തനം ചെയ്തു തുടങ്ങി

അല്ലറച്ചില്ലറ ബിംബമോഷണങ്ങൾ

കണ്ടുപിടിക്കപ്പെട്ടു

വഴക്കൊന്നെങ്കിലും വേണം

മാറാതോരോ ദിനത്തിലും

എന്ന വൃത്തലക്ഷണം

ദാമ്പത്യ കാവ്യശാസ്ത്രത്തിങ്കൽ

മുതൽകൂട്ടി

വിവർത്തനം ചെയ്യുമ്പോൾ

നഷ്ടപ്പെടുന്നത് കവിത എന്ന്

ഒരു ഗാലറി ക്ലാസ്പറഞ്ഞതോർത്ത്

കുതിര എന്നയാളെഴുതുമ്പോൾ

കഴുതയെ ധ്വന്യാത്മകമായി കണ്ടു

പിന്നെപ്പിന്നെ

ഉറക്കത്തിൽ ചോദിച്ചാലും ചൊല്ലുന്ന

ഒരു കവിതയായ് മാറി

Sunday, December 19, 2010

ഹരിതകം


ചെണ്ടക്കൊട്ട് മുങ്ങിത്താണുപോവുന്ന

പച്ചക്കുന്നിൻ ചെരുവിൽ

സൂര്യനിൽനിന്ന് അന്നജമുണ്ടാക്കുന്ന

കുറ്റിച്ചെടിപോലെ

ഞാൻ എല്ലാം മലയാളത്തിൽ

സ്വാംശീകരിക്കുന്നു

മലയാളം എന്റെ ഹരിതകം

Saturday, December 4, 2010

വരിയിൽ വിരി വെച്ച്

പേരുകൊണ്ട്

കാട്ടിലൊരിടത്തിരിക്കണം

“പേരിലെന്തിരിക്കുന്നു“വെന്ന്

കറുപ്പായ് നാടുനീളെ അലഞ്ഞു

അൻവർ അലിയുടെ കവിതപ്പുറത്ത്

കാട്ടിലും ചുളുവിലൊന്നുപോയി വന്നു

കവിതയിലേക്കുള്ള ഭസ്മം

വാവരുപള്ളിയിൽ നിന്നും വാരി

കേരളക്കരയിൽ

ഒരു കന്നി മദ്യപനും

ഉണ്ടാകാതിരിക്കുമ്പോൾ

എന്ന് ആർക്കോ വാക്കും കൊടുത്തു

ശരണമില്ലയ്യപ്പാ.. എന്ന്

കവികളെക്കൊണ്ടും പറയിച്ചു

യാത്രയുടെ മരങ്ങൾ വളരുന്ന

കാൽ വേരുകൾക്കിടയിൽ

വഴിയിൽ വിരി വെച്ചു

നാലുവരി കീശയിലും വെച്ചു